വീണ്ടും പാക് വെടിവെപ്പ്; ഇന്ത്യ തിരിച്ചടിച്ചു

Webdunia
ശനി, 15 നവം‌ബര്‍ 2014 (16:27 IST)
ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മു കാശ്മീരിലെ അർണിയ മേഖലയിലാണ് പാകിസ്ഥാന്‍ വെടിവെപ്പ് നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെ പാക് റേഞ്ചർമാര്‍ ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇന്ത്യൻ സൈന്യം ശക്തമായി പ്രത്യാക്രമണം നടത്തിയതോടെ പാകിസ്ഥാൻ പിന്മാറുകയായിരുന്നു. വെടിവെപ്പില്‍ ഇരുവിഭാഗത്തും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പാകിസ്ഥാന്‍ സൈന്യത്തിന് ചൈനീസ് പട്ടാളം ആയുധ പരിശീലനം നല്‍കിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു.

പാകിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വെടിയുതിര്‍ക്കുന്നതിന് സഹായകമാകുന്ന രീതിയില്‍ സൌകര്യങ്ങളും വിദഗ്ദരായ ഷൂട്ടര്‍മാരെയും നിയോഗിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിനായി അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഉയര്‍ന്ന ടവറുകള്‍ നിര്‍മിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പാക്ക് സൈനിക സംഘങ്ങള്‍ ശ്രീനഗറിനോട് ചേര്‍ന്നുള്ള   പോസ്റ്റുകളില്‍ സന്ദര്‍ശനം നടത്തുന്നത് പതിവാക്കിയിട്ടുമുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.