അതിര്‍ത്തിയില്‍ പാക്ക് വെടിവെപ്പ്: ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു

Webdunia
ബുധന്‍, 31 ഡിസം‌ബര്‍ 2014 (14:56 IST)
ജമ്മു കാശ്‌മീരില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിയേറ്റ് ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജമ്മു കശ്മീരിലെ സാംബ സെക്ടറിലാണ് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പാക്ക് സൈന്യം വെടിവെച്ചത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചെങ്കിലും പാക്ക് സൈന്യം നിര്‍ത്താതെ വെടിവെപ്പ് തുടരുകയായിരുന്നു. അതിര്‍ത്തിയില്‍ ഇപ്പോഴും രൂക്ഷമായ വെടിവയ്പ് തുടരുകയാണ്. ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഒരാഴ്ചയ്ക്കിടെ ആറാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

അതിര്‍ത്തിയില്‍ ഇനിയുമൊരു വെടിനിര്‍ത്തല്‍ ലംഘനമുണ്ടായാല്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക്ക് സൈന്യം വെടിവെപ്പ് നടത്തിയത്.

ഇന്ത്യ-പാക്ക് അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറഞ്ഞിട്ടുണ്ടെന്നും. എന്നാല്‍ രാജ്യാന്തര അതിര്‍ത്തിയിലെ പ്രശ്നങ്ങളും അതിര്‍ത്തി ലംഘനവും പതിവ് പോലെ തുടരുകയാണെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ സേന ഒരിക്കലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ല. പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ വെടിവെച്ച് ഭീകരര്‍ക്ക് അതിര്‍ത്തി കടക്കാന്‍ അവസരമൊരുക്കുകയാണ്. ഇത്തരം നീക്കങ്ങളെ ചെറുക്കുക മാത്രമാണ് ഇന്ത്യ ചെയ്യുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.