രാജ്യത്തിന്റെ 11 ആണവ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി ആണവോര്‍ജ്ജ വകുപ്പിന്റെ റിപ്പോര്‍ട്ട്. ആണവ പരിപാടിയുമായി ബന്ധപ്പെട്ടിരുന്ന വിവിധ ലാബുകളിലും ഗവേഷണ കേന്ദ്രങ്ങളിലും പ്രവര്‍ത്തിച്ചവരാണ് വധിക്കപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്‌തതെന്ന് വിവരാവകാശ രേഖയ്‌ക്ക് നല്‍കിയ മറുപടിയില്‍ ആണവവകുപ്പ് വെളിപ്പെടുത്തി.
2009 നും 2013 നും ഇടയിലാണ് 11 പേരും മരിച്ചത്. ഹരിയാനക്കാരനായ രാഹുല്‍ സെഹ്രാവത്തിന്റെ വിവരാവകാശ രേഖയ്‌ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇവരില്‍ രണ്ടു പേര്‍ ആത്മഹത്യ ചെയ്‌തെന്നും ഒരാള്‍ മരിച്ചത് കാര്‍ അപകടത്തിലുമാണെന്നാണ് വിവരം. ബാക്കിയുള്ളവര്‍ പരീക്ഷണ ശാലയിലുണ്ടായ അപകടങ്ങളിലും മരണപ്പെട്ടു. ഒരാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ട്രോംബേയിലെ ബാര്‍കില്‍ സി ഗ്രൂപ്പില്‍ പോസ്‌റ്റ് ചെയ്‌തിരുന്ന രണ്ടു ശാസ്‌ത്രജ്‌ഞരെ താമസസ്‌ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ 2010 ല്‍ കണ്ടെത്തിയിരുന്നു. സമാന ഗ്രേഡിലുള്ള മറ്റൊരു ശാസ്‌ത്രജ്‌ഞനെ 2012 ലും താമസസ്‌ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ദീര്‍ഘകാല അസുഖത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തതാണെന്നാണ് ഒരു കേസില്‍ പോലീസ് റിപ്പോര്‍ട്ട്.
2010 ല്‍ ലാബില്‍ തീ പിടിച്ച് രണ്ടു ഗവേഷകര്‍ കൊല്ലപ്പെട്ടു. എഫ് ഗ്രേഡില്‍ പെട്ട ഒരു ശാസ്‌ത്രജ്‌ഞനെ മുംബൈയിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശ്വാസം മുട്ടിച്ചാണ് ഇയാളെ കൊന്നതെന്നാണ് പോലീസ് നിഗമനം. ഡി ഗ്രേഡില്‍ പെട്ട മറ്റൊരു ശാസ്‌ത്രജ്‌ഞന്‍ ആത്മഹത്യചെയ്‌തതാണെന്ന് തിരിച്ചറിഞ്ഞ് പോലീസ് കേസ് അവസാനിപ്പിച്ചു.
2013 ല്‍ കല്‍പ്പാക്കത്തെ ഒരു ഡി ഗ്രേഡ് ശാസ്‌ത്രജ്‌ഞന്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മുംബൈ ശാസ്‌ത്രജ്‌ഞര്‍ തൂങ്ങി മരിച്ച കേസില്‍ അന്വേഷണം നടന്നു വരികയാണ്. സ്വകാര്യ പ്രശ്‌നങ്ങളായിരിക്കാം കാരണമെന്ന് കരുതുന്നു. കര്‍ണാടകയില്‍ ഒരു ശാസ്‌ത്രജ്‌ഞന്‍ കാളി നദിയില്‍ ചാടിയും ആത്മഹത്യ ചെയ്‌തിരുന്നു.