രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗം നടന്നിട്ട് മൂന്നു വര്‍ഷം

ബുധന്‍, 16 ഡിസം‌ബര്‍ 2015 (11:22 IST)
രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗം നടന്നിട്ട് ഇന്ന് മൂന്നു വര്‍ഷം. 2012 ഡിസംബര്‍ 16നാണ് രാത്രി ബസില്‍ കൂട്ടുകാരനോടൊപ്പം സഞ്ചരിക്കവേ നിര്‍ഭയ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ബസിന്റെ ഡ്രൈവറും കൂട്ടാളികളും അടങ്ങുന്ന ആറംഗ സംഘമാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
 
സുഹൃത്തിനെ ബസിനുള്ളില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞതിനു ശേഷമായിരുന്നു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയാക്കിയ ശേഷം പെണ്‍കുട്ടിയെയും ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഏതാനും ദിവസങ്ങള്‍ക്കു ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.
 
രാജ്യത്തെ നടുക്കിയ കൂട്ടബലാത്സംഗം രാജ്യത്തെ യുവത്വത്തെ ഇളക്കിമറിച്ചു. പ്രതിഷേധവുമായി യുവത്വം തലസ്ഥാന നഗരിയില്‍ എത്തി, ജന്തര്‍മന്ദറിന്റെ സമരവീഥികളില്‍ നിര്‍ഭയയ്ക്ക് നീതി ലഭിക്കുന്നതിനായി മെഴുകുതിരികള്‍ കത്തിയെരിഞ്ഞു, പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ആയിരങ്ങള്‍ സമരപന്തലിലേക്ക് ഒഴുകിയെത്തി. ബലാത്സംഗത്തിന് ഇരയായ എല്ലാവരെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അതില്‍ ഒരാള്‍ ജയിലില്‍ ആത്‌മഹത്യ ചെയ്തു. കേസിലെ പ്രധാനപ്രതി ആയിരുന്ന രാംസിംഗ് ആയിരുന്നു ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തത്. അതേസമയം, കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ഞായറാഴ്ച ജയിലില്‍ നിന്ന് പുറത്തിറങ്ങും. അതേസമയം, ഇയാളെ ജയില്‍ മോചിതനാക്കുന്നതിന് എതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
 
ബാലനീതി പ്രകാരം ലഭിച്ച ശിക്ഷ അടുത്ത ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഇയാളെ പുറത്ത് വിടുന്നത്. എന്നാല്‍, ഇയാളെ പുറത്തു വിടരുതെന്ന് ഇന്റലജന്‍സ് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഇയാളുടെ മാനസികനില അപകടകരമാണെന്നും വിദ്വംസകപ്രവര്‍ത്തനങ്ങളിലേക്ക് തിരിയാനുള്ള സാധ്യത ഏറെയാണെന്നുമാണ് ഇന്റലിജന്‍സ് വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. 
 
അതേസമയം, ക്രൂരപീഡനത്തിന് ഇരയായി മരിച്ച നിര്‍ഭയയെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററില്‍ അനുസ്മരിച്ചു. നിര്‍ഭയയുടെ നഷ്‌ടം ഒരിക്കലും രാജ്യത്തിന് നികത്താന്‍ കഴിയില്ലെങ്കിലും അവരുടെ കുടുംബത്തിന് ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തു കൊടുക്കണമെന്ന് മമത ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക