രാജ്യസ്നേഹം തെളിയിക്കാൻ പലരും ആവശ്യപ്പെടുമ്പോൾ താൻ അങ്ങേയറ്റം ദു:ഖിതനാണെന്നും ചില സമയങ്ങളിൽ കരയാൻ തോന്നാറുണ്ടെന്നും ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാൻ അറിയിച്ചു. പല സാഹചര്യങ്ങളിലും തന്റെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടുന്നുവെന്നും ഇത് തനിയ്ക്ക് താങ്ങാൻ കഴിയുന്നില്ലെന്നും ഷാരൂഖ് അറിയിച്ചു. 'ആപ് കി അദാലത്ത്' എന്ന ടിവി പരിപാടിയിൽ അഭിമുഖത്തിനിടയിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
മറ്റാരേക്കാളും താൻ രാജ്യസ്നേഹിയാണെന്നും യുവാക്കളോട് രാജ്യത്ത് സഹിഷ്ണുത പുലർത്താൻ ശ്രമിക്കാനും രാജ്യത്തെ ഉയരത്തിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യാനും താരം അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷം രാജ്യത്ത് അസഹിഷ്ണുതയാണെന്ന് ഷാരൂഖ് പറഞ്ഞത് വിവാദമായിരുന്നു. ഇതിനെത്തുടർന്നാണ് ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് അദ്ദേഹത്തിന് വിശദീകരണം നൽകേണ്ടി വന്നത്.
തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്ന് പറഞ്ഞ് പിന്നീട് അദ്ദേഹം രംഗത്തെത്തിയിരുന്നു. അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തകർക്കുന്നവരുടെ കൂടെയാണ് താനെന്നുള്ള ആരോപണത്തിന് ആദ്ദേഹത്തിന്റെ മറുപടി 'തനികെങ്ങനെ ഒരാളെ തോൽപ്പിക്കാൻ കഴിയും, എനിക്കെല്ലായിടത്തും സുഹൃത്തുക്കളുണ്ട്, ആരേയും തകർക്കാനല്ല മറിച്ച് അവർ എന്റെ സുഹൃത്തുക്കളാണ്' എന്നായിരുന്നു.