മദ്യപാനം വിലക്കിയ ഭാര്യയെ കുത്തിക്കൊന്നു

Webdunia
ചൊവ്വ, 20 മെയ് 2014 (18:25 IST)
മദ്യപാനം തടഞ്ഞതിനെത്തുടര്‍ന്ന് ഗൃഹനാഥന്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ സിഹാനി ഗേറ്റിലാണ് സംഭവം. 
 
മുപ്പതുവയസുകാരി ഉഷയാണ് കൊല്ലപ്പെട്ടത്. വീട്ടിലിരുന്നു മദ്യപിക്കുകയായിരുന്നു ഭര്‍ത്താവ് സൗരജ്. ഇത് തടഞ്ഞതിനെ തുടര്‍ന്ന് ദേഷ്യം തീര്‍ക്കാനാണ് ഇയാള്‍ ഭാര്യയെ കുത്തിക്കൊന്നത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പലതവണ ശരീരത്തില്‍ ആഞ്ഞ് കുത്തുകയായിരുന്നു. അമിതമായി രക്തം വാര്‍ന്നാണ് ഉഷ മരിച്ചത്. 
 
ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനായ സൗരജിനെ പൊലീസ് തിങ്കളാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തു. നന്ദിഗ്രാം സ്വദേശിയാണ് സൗരജ്. മദ്യപാനിയായ സൗരജ് ഭാര്യയുമായി വഴക്കിടുന്നതും മര്‍ദ്ദിക്കുന്നതും പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ അമിത മദ്യപാനത്തില്‍ മനംമടുത്താണ് ഉഷ ഇയാളെ മദ്യപിക്കുന്നതില്‍ നിന്നും വിലക്കിയത്.