രാജ്യത്ത് ആയിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളുമാണ് സെക്‌സ് ട്രാഫിക്കിങ്ങിന് ഇരയായി വേശ്യാലയങ്ങളില്‍ എത്തിപ്പെടുന്നത്. ചുവന്ന തെരുവുകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സജീവമാണ്. അതില്‍ ഏറ്റവും പ്രശസ്തമാണ് ഡല്‍ഹിയിലെ ഗാര്‍സ്റ്റിന്‍ ബാസ്റ്റന്‍ റോഡ്.
ഇവിടെ മാത്രം 100–ഓളം വേശ്യാലയങ്ങളിലായി പല പ്രായത്തിലുള്ള അയ്യായിരത്തോളം ലൈംഗിക തൊഴിലാളികളാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ പലരെയും കൗമാരപ്രായത്തില്‍ തന്നെ തട്ടിയെടുക്കപ്പെട്ടോ ചതിയില്‍പ്പെട്ടോ ഇവിടെ എത്തുന്നതാണ്. അങ്ങനെയൊരു അനുഭവമാണ് ‘വൈസ്’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വൈസില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്:
എന്നെ അമാഷ് എന്ന് വിളിക്കാം. ഇപ്പോഴെനിക്ക് 17 വയസ്സായി. ഹൈസ്‌കൂളില്‍ നിന്ന് ജയിച്ചു. ഒരു പൊലീസ് ഓഫീസറാകണമെന്നാണ് ആഗ്രഹം. മനുഷ്യക്കടത്തിനെ അതിജീവിച്ചവരില്‍ ഒരാളാണ് ഞാന്‍. ഇത് എന്റെ അനുഭവമാണ്. രണ്ട് വര്‍ഷം മുമ്പത്തെ ജൂണ്‍ മാസം. അര്‍ദ്ധബോധത്തില്‍ ഞാന്‍ ഉറക്കമുണര്‍ന്നത് അതുവരെ കാണാത്ത ഒരു മുറിയിലായിരുന്നു. അടുത്ത മുറിയില്‍ നിന്നും ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഞാനാകെ ഭയന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ ഞാനൊരു ശ്രമം നടത്തി.
എന്റെ അവസാനത്തെ ഓര്‍മ്മ ആദ്യമായി സാബിറിനെ കണ്ടുമുട്ടിയതിനെ കുറിച്ചായിരുന്നു. ഈ മുറിയിലെത്തുന്നതിന് മൂന്ന് മാസം മുമ്പ് സോഷ്യല്‍ മീഡിയയിലാണ് നമ്മള്‍ പരസ്പരം പരിചയപ്പെടുന്നത്. അവന് 17 വയസ്സും എനിക്ക് 15 വയസ്സുമായിരുന്നു. ഞങ്ങള്‍ പ്രണയത്തിലായിരുന്നു. വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു.
ഞാന്‍ ആ മുറിയില്‍ നിന്നും പതിയെ പുറത്തേക്കിറങ്ങി. അവിടെ സാബിര്‍ നില്‍പ്പുണ്ടായിരുന്നു. എനിക്കല്‍പം സമാധാനം തോന്നി. അവനെന്നോട് പറഞ്ഞു, അടുത്ത മുറിയില്‍ രണ്ട് സ്ത്രീകളുണ്ട് എന്നും അടുത്ത ദിവസം മുതല്‍ ജോലി ചെയ്യാന്‍ അവരെന്നെ തയ്യാറാക്കുമെന്നും. വീട്ടുവേലക്കാരിയായിട്ടാണ് ജോലി ചെയ്യേണ്ടി വരിക എന്നാണവന്‍ പറഞ്ഞത്.
അതില്‍ നിന്ന് കിട്ടുന്ന തുക വിവാഹത്തിനായി ചെലവഴിക്കാമെന്നും അവന്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചു. അതിനുശേഷം അവനെന്നെ ബലാത്സംഗം ചെയ്തു. ഞാനെന്റെ അമ്മയേയും വീടിനേയും ഓര്‍ത്ത് കരഞ്ഞു. പശ്ചിമ ബംഗാളിലായിരുന്നു എന്റെ വീട്. അഞ്ച് സഹോദരങ്ങളില്‍ ഏറ്റവും ഇളയവളായിരുന്നു ഞാന്‍.
15 വയസ്സായപ്പോള്‍ എന്റെ സഹോദരന്‍ അദ്ദേഹത്തിന്റെ വരുമാനത്തില്‍ നിന്നും എനിക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങിത്തന്നിരുന്നു. പെട്ടെന്ന് തന്നെ ഞാനൊരു സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കിന്റെ ഭാഗമായി. അവിടെയാണ് ഞാന്‍ സാബിറിനെ കണ്ടുമുട്ടിയത്. കുറച്ച് ദിവസങ്ങള്‍ അതില്‍ ചാറ്റ് ചെയ്ത ശേഷം അവനെന്റെ നമ്പര്‍ ചോദിച്ചു. ഞാന്‍ സന്തോഷത്തോടെ തന്നെയാണ് നമ്പര്‍ കൊടുത്തത്.
ഫോണ്‍വിളി പതിവായി. ഞങ്ങള്‍ കൂടുതല്‍ അടുത്തു. അവന്റെ ശബ്ദം എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ട് തന്നെ അവന്‍ കാണാമോ എന്ന് ചോദിച്ചതിനെ ഞാന്‍ പിറ്റേദിവസം ഞാന്‍ ക്ലാസ് കട്ട് ചെയ്തു, അവനെ കാണാന്‍ ചെന്നു. ഞങ്ങള്‍ വിവാഹത്തെ കുറിച്ച് സംസാരിച്ചു. അവനെനിക്ക് ഒരു സോഫ്റ്റ് ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്തു.
അത് കുടിച്ചതോടെ തലകറങ്ങും പോലെ തോന്നി. ഒരു ട്രെയിനിലിരുന്നതിന്റെ നേരിയ ഓര്‍മ്മ എനിക്കുണ്ടായിരുന്നു. പിന്നെ ബോധം വരുമ്പോള്‍ ഞാന്‍ ഗാസിയാബാദിലായിരുന്നു. എന്റെ വീട്ടില്‍ നിന്നും എത്രയോ ദൂരത്ത്. അത് ഞാന്‍ വൈകിയാണ് അറിഞ്ഞത്. പിറ്റേന്ന് ഞാനെന്റെ ‘ജോലിസ്ഥല’ത്തേക്ക് എത്തിക്കപ്പെട്ടു.
അവിടെ ചൂഷണവും പൊട്ടിച്ചിരികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞെട്ടലോടെയാണ് ഞാനാ സത്യം മനസിലാക്കിയത്. അതൊരു വേശ്യാലയമായിരുന്നു. ദില്ലിയില്‍ ഗാര്‍സ്റ്റിന്‍ ബാസ്റ്റിനിലെ ആ വേശ്യാലയത്തിലെ അമ്പത്തിയാറാം നമ്പറായി മാറി ഞാന്‍. പിന്നീടൊരിക്കലും ഞാന്‍ സാബിറിനെ കണ്ടില്ല.
ഓരോ ദിവസവും ഇരുപത് മുതല്‍ 22 പേരൊക്കെയാണ് എന്റെ മുറിയിലേക്ക് വന്നിരുന്നത്. ആ വേശ്യാലയത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ ഞാനായിരുന്നു. ഏറ്റവുമധികം വരുമാനം അവരുണ്ടാക്കിയതും എന്നെ വച്ചായിരുന്നു. വേദനയെ കുറിച്ചോ, മറ്റ് വിഷമതകളെ കുറിച്ചോ പരാതി പറഞ്ഞാല്‍ തല്ലും പട്ടിണിക്കിടലുമായിരുന്നു പകരം കിട്ടിയിരുന്നത്.
തല്ലിന്റെ പാടേറ്റ് ശരീരം നീലയും കറുപ്പും നിറമായി. ഒരുമാസം എനിക്ക് മാസമുറയുണ്ടായില്ല. അവരെനിക്ക് ഗുളികകള്‍ തന്നു. അത് എന്റെ വയറ്റില്‍ വല്ലാത്ത വേദനയുണ്ടാക്കി. പക്ഷെ, അപ്പോഴും ആ വേദനയിലും ‘ജോലി’ ചെയ്യാന്‍ എന്നെയവര്‍ നിര്‍ബന്ധിച്ചു. ചൂഷണം തുടര്‍ന്നു. മാസങ്ങള്‍ നീണ്ടുനിന്ന പീഡനം എന്റെ പ്രതീക്ഷയെല്ലാം ഇല്ലാതാക്കി.
വീടിനെ മറക്കാന്‍ ശ്രമിച്ചു. ഇനിയൊരല്‍ഭുതവും എന്റെ ജീവിതത്തില്‍ സംഭവിക്കാനില്ലെന്ന് തന്നെ കരുതി. അങ്ങനെയിരിക്കെയാണ് ഒരു കസ്റ്റമറെത്തിയത്. അയാള്‍ എന്റെ നാട്ടില്‍ നിന്നായിരുന്നു. ഞാനയാളോട് എന്റെ അവസ്ഥ വിവരിച്ചു. അയാളെന്നെ സഹായിക്കാമെന്ന് വാക്ക് നല്‍കി. അയാളൊരു ഫോണ്‍ കൊണ്ടുവന്ന് എന്റെ വീട്ടിലേക്ക് വിളിച്ച് അമ്മയോട് സംസാരിക്കാനും സഹായിച്ചു.
അടുത്ത തവണ 2017 ഡിസംബറില്‍ അയാള്‍ വന്നപ്പോള്‍ വേശ്യാലയത്തില്‍ എല്ലാവരും വൈകുന്നേരത്തെ പതിവ് പ്രാര്‍ത്ഥനയിലായിരുന്നു. ആ സമയം ഞാന്‍ അയാളുമായി അവിടെനിന്നും ഒളിച്ചോടി. ആ നല്ല മനുഷ്യന്‍ അദ്ദേഹത്തോടൊപ്പം എന്നെ കൊല്‍ക്കത്തയിലേക്ക് കൂട്ടി. ഹൗറാ സ്റ്റേഷനിലിറക്കി.
അവിടെനിന്നും തനിച്ച് ഞാനെന്റെ വീട്ടിലേക്ക് പോയി. വാതിലിനിടയിലൂടെ ഞാന്‍ കയറിവരുന്നത് അമ്മ കണ്ടു. ഞങ്ങള്‍ കെട്ടിപ്പിടിച്ച് കുറേനേരം കരഞ്ഞു. മോശം അവസ്ഥ മാറിയെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ, ആ സന്തോഷം വളരെ കുറച്ച് നാളുകളേ നീണ്ടു നിന്നുള്ളൂ.
എന്നോടുള്ള കുടുംബക്കാരുടെ പെരുമാറ്റം മാറിയിരുന്നു. അവര്‍ക്കെന്നെ പൂര്‍ണമായും അംഗീകരിക്കാനായില്ല. എന്റെ സ്‌കൂള്‍ എന്നെ വീണ്ടും അവിടെ ചേര്‍ക്കാന്‍ സമ്മതിച്ചില്ല. അന്നാണ് ലോകം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഞാന്‍ മനസിലാക്കുന്നത്, വെറും പതിനഞ്ചാമത്തെ വയസ്സില്‍. എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം സമൂഹത്തെ കുറിച്ചാണ് കൂടുതലും ചിന്തിച്ചത്.
പിന്നീടാണ്, ഞാന്‍ റിഷി കാന്ത് സാറിനെ പരിചയപ്പെടുന്നത്. ശക്തിവാഹിനി എന്ന എന്‍ജിഒ യില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശപ്രവര്‍ത്തകനായിരുന്ന അദ്ദേഹം എന്റെ കാര്യങ്ങളെ കുറിച്ചെല്ലാം പൊലീസ് റെക്കോര്‍ഡുകളിലൂടെ അറിഞ്ഞിരുന്നു. അദ്ദേഹം എന്റെ രക്ഷക്കെത്തി.
അദ്ദേഹം എന്റെ മാതാപിതാക്കളെ ബോധവല്‍ക്കരിച്ചു. എനിക്ക് പ്രവേശനം നല്‍കിയില്ലെങ്കില്‍ നടപടിക്കൊരുങ്ങുമെന്ന് സ്‌കൂളിനെ ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന്റെ ഈ ശ്രമങ്ങളുടെ ഫലമായി എനിക്ക് സ്‌കൂളില്‍ വീണ്ടും പോകാമെന്നായി. ഇതെനിക്ക് രണ്ടാമത്തെ അവസരമാണ്. അത് മുഴുവനായും എന്റെ പഠനത്തിനായി വിനിയോഗിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഈ വര്‍ഷം ഞാന്‍ പത്താം ക്ലാസ് വിജയിച്ചു. ഒരു പൊലീസ് ഓഫീസറാകണമെന്നാണ് എന്റെ ആഗ്രഹം. അതിലൂടെ മറ്റുള്ളവരെ സഹായിക്കണം.