തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

രേണുക വേണു

ചൊവ്വ, 10 ജൂണ്‍ 2025 (08:33 IST)
Van Hai 503

അറബിക്കടലില്‍ രാജ്യാന്തര സമുദ്രപാതയില്‍ വെച്ച് തീപിടിത്തമുണ്ടായ ചരക്കുകപ്പല്‍ 'വാന്‍ ഹയി 503' ല്‍ അപകടകാരികളായ രാസവസ്തുക്കള്‍ ഉണ്ടെന്നു റിപ്പോര്‍ട്ട്. കപ്പലിലെ തീ അണയ്ക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. കപ്പലിനു ഉള്ളിലെ ചില കണ്ടെയ്‌നറുകളില്‍ തീ പിടിക്കുന്ന രാസവസ്തുക്കള്‍ ഉണ്ട്. അതുകൊണ്ടാണ് തീ അണയ്ക്കല്‍ നിയന്ത്രണാതീതമായി തുടരുന്നത്. 
 
കോസ്റ്റ് ഗോര്‍ഡും നാവികസേനയും ചേര്‍ന്ന് തീ അണയ്ക്കാന്‍ തീവ്ര ശ്രമങ്ങള്‍ നടത്തുന്നുണ്ട്. തീ അണയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പല്‍ പൂര്‍ണമായി മുങ്ങിയേക്കാം. ഇത് ഒഴിവാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. സിംഗപ്പൂര്‍ രജിസ്‌ട്രേഷനിലുള്ള 'വാന്‍ ഹയി 503' ചരക്കുകപ്പലില്‍ ഇന്നലെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ ഉടനെ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയ ഇന്ത്യന്‍ നേവിക്ക് സിംഗപ്പൂര്‍ പോര്‍ട്ട് അധികൃതര്‍ നന്ദി അറിയിച്ചു. 
 
കപ്പല്‍ പൂര്‍ണമായി മുങ്ങിയാല്‍ വാതക ചോര്‍ച്ച ഉണ്ടായേക്കാം. കണ്ടെയ്‌നറുകളിലെ വിഷാംശം ഉള്ള രാസവസ്തുക്കള്‍ കടലില്‍ കലരാനും സാധ്യതയുണ്ട്. ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിനു കാരണമാകും. കണ്ടെയ്‌നറുകള്‍ ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നുണ്ടെന്നാണ് വിവരം. കപ്പലിലെ 22 ക്രൂ മെമ്പര്‍മാരില്‍ 18 പേരെയും പുറത്തെത്തിച്ചതായാണ് വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍