നാശം വിതച്ച് ഹുദ്ഹുദ് ജാര്‍ഖണ്ഡിലേക്ക്; മരണം 9 ആയി

തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (08:32 IST)
ആന്ധ്രയുടെയും ഒഡീഷയുടേയും തീരങ്ങളെ വിറപ്പിച്ച ഹുദ്ഹുദ് ചുഴലിക്കാറ്റിന് ശക്തികുറഞ്ഞു. 200 കിലോമീറ്ററിലേറെ വേഗത്തില്‍ കരയിലെത്തിയ കാറ്റിന് ഇപ്പോള്‍ നൂറു കിലോമീറ്റര്‍ വേഗം മാത്രമേയൂള്ളൂ. അതേസമയം കൊടുങ്കാറ്റിനേ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 
 
കൊടുങ്കാറ്റിനേ തുടര്‍ന്നുണ്ടായ കെടുതികളില്‍ ഇതിനകം മരണമടഞ്ഞവരുടെ എണ്ണം ഒമ്പതായതായി റിപ്പോര്‍ട്ടുകളുണ്ട്. ആന്ധ്രാ പ്രദേശില്‍ ആറു പേരും ഒഡീഷയില്‍ മൂന്നു പേരും മരിച്ചു. ഒഡീഷ സ്വദേശികളായ പൂജ മല്ലിക്‌(6), ഹേമന്ദ്‌ മല്ലിക്‌(11), സുദുലു ഗൊരയ(42) എന്നിവരാണു മരിച്ചത്‌. വിശാഖപട്ടണത്തു മരം കടപുഴകി രണ്ടു പേരും ശ്രീകാകുളത്തു മതില്‍ ഇടിഞ്ഞുവീണ്‌ ഒരാളും മരിച്ചു. 
 
ഒഡീഷയിലെ പുരിയില്‍ കടലില്‍ ഒഴുകിപ്പോയ ബോട്ട്‌ പിടിച്ചുകെട്ടാനുള്ള ശ്രമത്തിനിടെ ഒരു മല്‍സ്യത്തൊഴിലാളി തിരയില്‍പ്പെട്ടു മരിച്ചു. ഒഡീഷയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടില്‍നിന്നു ബൗണ്‍സഗുഡി നദിയില്‍ വീണാണ്‌ ആറു വയസുകാരി മരിച്ചത്‌. ഒഡീഷ കേന്ദ്രപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ്‌ സുദുലു മരിച്ചത്‌. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
 
കാറ്റും കനത്തമഴയും ആന്ധ്രയിലും ഒഡീഷയിലും കനത്തനാശമാണ് വിതച്ചത്. ആന്ധ്രയിലെ കലിംഗനഗരവും ബന്ദുര്‍വായും കടലിനടിയിലായി.  ആയിരക്കണക്കിനു കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. പലയിടത്തും കടലാക്രമണവും രൂക്ഷമാണ്. ജാര്‍ഖണ്ഡിലേക്ക് നീങ്ങുന്ന കാറ്റിന്‍റെ വേഗം ഇന്നുച്ചയോടെ 60 കിലോമീറ്ററില്‍ താഴെയാകുമെന്നാണ് പ്രതീക്ഷ. 
 
കനത്തമഴയില്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പലയിടത്തും പ്രളയഭീഷണിയുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണസേനയുടെ സംഘങ്ങളും കര.നാവികസേനകളുടെ വന്‍ സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരായിട്ടുണ്ട്.
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക