തെറ്റായ ഉത്തരങ്ങള്‍ നല്‍കിയാല്‍ സഹപാഠികളെ അടിക്കാന്‍ ഉത്തരവിട്ട അധ്യാപിക അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 26 മാര്‍ച്ച് 2025 (15:43 IST)
ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. തിങ്കളാഴ്ചയാണ്  അധ്യാപിക തെറ്റായ ഉത്തരം എഴുതിയാല്‍ തന്റെ സഹപാഠികളെ അടിക്കാന്‍ ക്ലാസ് ലീഡറായ കുട്ടിയോട് ഉത്തരവിട്ടത്. പത്ത് വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് അധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അധ്യാപികയുടെ നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥികളെ അടിക്കേണ്ടിവന്ന വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്.
 
തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ചില സംസ്‌കൃത പദങ്ങളുടെ അര്‍ത്ഥം മനഃപാഠമാക്കാന്‍ അധ്യാപിക വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. ക്ലാസ് മോണിറ്റര്‍ കൂടിയായ പെണ്‍കുട്ടി ശരിയായ ഉത്തരങ്ങള്‍ എഴുതി. എന്നിരുന്നാലും, പന്ത്രണ്ട് കുട്ടികള്‍ക്ക് ചില ഉത്തരങ്ങള്‍ തെറ്റി.  ഇതോടെ, അധ്യാപിക ക്ലാസ് ലീഡറോട് അവരെ അടിക്കാന്‍ ഉത്തരവിട്ടു. അധ്യാപികയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കുട്ടി സഹപാഠികളെ മൃദുവായി അടിച്ചു. ഇതോടെ കോപാകുലയായ അധ്യാപിക ക്ലാസ് ലീഡറെ അടിച്ചു. 'നീ ക്ലാസ് ലീഡറാണ്, കഠിനമായി അടിക്കാന്‍ പോലും അറിയില്ലേ' എന്ന് അവര്‍ കുട്ടിയെ  ശകാരിച്ചു. അധ്യാപികയുടെ നിര്‍ദ്ദേശപ്രകാരം ശരിയായ ഉത്തരങ്ങള്‍ എഴുതിയ മറ്റ് രണ്ട് പെണ്‍കുട്ടികളെ തല്ലേണ്ടി വന്നതായും വിദ്യാര്‍ത്ഥിനി പറഞ്ഞു. 
 
അധ്യാപികയുടെ പെരുമാറ്റം തന്നെ ഭയപ്പെടുത്തിയെന്ന് പരാതിക്കാരി പറഞ്ഞു. 'നിങ്ങള്‍ക്ക് നിങ്ങളുടെ മാതാപിതാക്കളോട് എന്തും പറയാം, ആര്‍ക്കും എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല' എന്ന് അധ്യാപിക പലപ്പോഴും പറയാറുണ്ടെന്നും വിദ്യാര്‍ത്ഥിനി പരാതിയില്‍ പറഞ്ഞു. മറ്റ് കുട്ടികളില്‍ നിന്ന് മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍