പരക്കം പാഞ്ഞ് അമര്‍നാഥ് തീര്‍ഥാടകര്‍; കടകളിലും പെട്രോള്‍ പമ്പുകളിലും തിരക്ക് - കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍

ശനി, 3 ഓഗസ്റ്റ് 2019 (20:30 IST)
അമര്‍നാഥ് തീര്‍ഥാടകരോട് എത്രയും പെട്ടെന്ന് തിരിച്ചു പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന് പിന്നാലെ ശ്രീനഗർ വിമാനത്താവളമുൾപ്പെടെയുള്ള പ്രധാന യാത്രകേന്ദ്രങ്ങളിൽ വൻതിരക്ക്.  

അസാധാരണമായ എന്തോ സംഭവിക്കാൻ പോകുന്നുവെന്ന ഭീതി വന്നതോടെ ടിക്കറ്റ് എടുക്കാതെയാണ് പലരും വിമാനത്താവളത്തിലെത്തിയത്. പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ തയ്യാറാണെന്ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

അമർനാഥിലേക്ക് ഹെലികോപ്റ്റർ ടിക്കറ്റെടുത്തവരും യാത്ര മതിയാക്കി തിരിച്ചു പോയി. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ കശ്മീര്‍ താഴ്‌വരയില്‍ നിന്നും പുറത്തേക്കുള്ള വാഹനങ്ങളുടെ ഒഴുക്കാണ്. പെട്രോള്‍ പമ്പുകളിലും കച്ചവട സ്ഥാപനങ്ങളിലും നാട്ടുകാരുടെ തിരക്കും വര്‍ദ്ധിച്ചു.

അമര്‍നാഥ് യാത്ര അട്ടിമറിക്കാന്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെ ഭീകരര്‍ ശ്രമിക്കുന്നതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയതിന് പിന്നാലെ കശ്‌മീരില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

ഭീകരസാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. അമര്‍നാഥ് തീര്‍ഥാടകരെ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

35,000 സൈനികരെ കമ്മു കശ്‌മീരില്‍ വിന്യസിച്ചതിന് പിന്നാലെയാണ് അധികൃതര്‍ ജാഗ്രത നിര്‍ദേശവും തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പും നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍