തെലങ്കാനയില്‍ കനത്ത മഴ; പതിനൊന്നു മരണം, നിരവധിപേരെ കാണാതായി

തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (12:22 IST)
തെലങ്കാനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം പതിനൊന്നായി.  വാറങ്കലില്‍ മൂന്നുപേരും മേദക്ക് ജില്ലയില്‍ എട്ടുപേരുമാണ് മരിച്ചത്. വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധിപേരെ കാണാതായിട്ടുണ്ട്.
 
കഴിഞ്ഞ രണ്ട് ദിവസമായി തെലങ്കാനയില്‍ ശക്തമായ മഴ തുടരുകയാണ്. തെലങ്കാനയുടെയും ആന്ധ്രപ്രദേശിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയില്‍പ്പെട്ട അവസ്ഥയാണുള്ളത്. പല വീടുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് അയ്യായിരത്തിലധികം പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
 
ജക്കപ്പള്ളി ഗ്രാമത്തില്‍ ഒഴുക്കില്‍പെട്ട്​ യുവാവിനെ കാണാതായി. വാറങ്കലിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ടും ഒരാൾ വൈദ്യുതാഘാതമേറ്റുമാണ്​ മരിച്ചത്​. ഹൈദരാബാദ് നഗരത്തിലെ ഹുസൈന്‍ സാഗര്‍ തടാകം കരകവിഞ്ഞ് ഒഴുകുകയാണ്. സൈന്യം ഇപ്പോളും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 

വെബ്ദുനിയ വായിക്കുക