രാജ്യത്ത് ഉഷ്ണതരംഗം പിന്‍വാങ്ങുന്നു; മുന്നറിയിപ്പുള്ളത് രാജസ്ഥാനിലും കേരളത്തിലും മാത്രം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 10 മെയ് 2024 (10:02 IST)
രാജ്യത്ത് നിന്ന് ഉഷ്ണതരംഗം പിന്‍വാങ്ങുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവില്‍ മുന്നറിയിപ്പുള്ളത് രാജസ്ഥാനിലും കേരളത്തിലും മാത്രമാണ്. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ശക്തമായ ഈര്‍പ്പപ്രവാഹം വരുന്നുണ്ടെന്നും ഇത് താപനില കുറയാന്‍ കാരണമാകുകയും ഇടിമിന്നല്‍ വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
 
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട കാര്യമാണ്. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക. ധാരാളമായി വെള്ളം കുടിക്കുക. അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക. കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക. നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍