'ഹരിലാല്‍ മനുവിനെ ബലാത്സംഗം ചെയ്തു’; ഗാന്ധിജിയുടെ കത്ത് ലേലത്തിന്

Webdunia
വ്യാഴം, 15 മെയ് 2014 (11:31 IST)
സ്‌ത്രീവിഷയവും മദ്യാസക്‌തിയും ഉള്‍പ്പെടെ മൂത്തമകന്‍ ഹരിലാലിന്റെ മോശം പ്രവര്‍ത്തികളെ കുറിച്ച്‌ വ്യാകുലപ്പെടുന്ന രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ മൂന്ന്‌ കത്തുകള്‍ ലേലത്തിന്‌. ബന്ധുവും ഗാന്ധിയുടെ ശിഷ്യയുമായ മനുവിനെ പോലും ഹരിലാല്‍ ബലാത്സംഗം ചെയ്‌തിരുന്നുവെന്ന് കത്തില്‍ പറയുന്നു‌.
 
1935 കളില്‍ എഴുതിയ കത്തുകളില്‍ ഹരിലാലിന്റെ മോശം സ്വഭാവത്തെക്കുറിച്ച്‌ ഗാന്ധി വ്യാകുലപ്പെടുന്ന രീതിയിലാണ്‌ കത്തുകള്‍. ഗാന്ധിയുടെ കൂടെ സബര്‍മതി ആശ്രമത്തില്‍ കഴിഞ്ഞിരുന്ന ശിഷ്യ മനുവിനെ ബലാത്സംഗം ചെയ്‌തെന്ന്‌ അവര്‍ പറഞ്ഞതായി കത്തില്‍ ഗാന്ധി പറയുന്നു. “നിന്നെക്കുറിച്ച്‌ ആശങ്കകരമായ കാര്യങ്ങളാണ് മനു പറയുന്നത്‌. നന്നേ ചെറുപ്പത്തില്‍ തന്നെ നീ അവളെ ബലാത്സംഗം ചെയ്‌തെന്നും സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് വൈദ്യസഹായം വേണ്ടി വന്നെന്നും അവള്‍ പറഞ്ഞു”, ഗാന്ധി കത്തില്‍ പറയുന്നു.ഹരിലാലിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ കേള്‍ക്കുന്ന കാര്യങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരം സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളേക്കാള്‍ തനിക്ക്‌ തലവേദന ഉണ്ടാക്കുന്നതാണെന്ന്‌ മറ്റൊരു കത്തില്‍ ഗാന്ധി പറയുന്നു. 
 
കത്തുകള്‍ ഷ്രോഫ്‌ഷെര്‍ ആസ്‌ഥാനമായ മുള്ളോക്ക്‌ എന്ന സ്‌ഥാപനം അടുത്തയാഴ്‌ച ഇംഗ്‌ണ്ടില്‍ ലേലം ചെയ്യും. യാതൊരു കേടുപാടുകളുമില്ലാത്ത ഗുജറാത്തിയില്‍ എഴൂതിയിരിക്കുന്ന കത്തിന്‌ 50,000 മുതല്‍ 60,000 പൗണ്ടുകള്‍ വരെ കത്തിന്‌ പ്രതീക്ഷിക്കുന്നു. മുള്ളോക്ക്‌ ലേലത്തിനായി വെയ്‌ക്കുന്ന ചരിത്രവസ്‌തുക്കളിലാണ്‌ കത്തുമുള്ളത്‌. ഗാന്ധിയും മകനും തമ്മിലുള്ള പ്രശ്‌നാധിഷ്‌ഠിത ബന്ധത്തിന്റെ പുതിയ തെളിവാണ്‌ കത്ത്‌. ഗാന്ധി കുടുംബത്തില്‍ നിന്നു തന്നെയാണ്‌ കത്ത്‌ ലേലസ്‌ഥാപനത്തിന്‌ കിട്ടിയത്‌. ഇംഗ്ലണ്ടില്‍ നിയമം പഠിക്കണമെന്നും പിതാവിനെ പോലെ അഭിഭാഷകനാകണം എന്നുമായിരുന്നു ഹരിലാലിന്റെ ആഗ്രഹം. എന്നാല്‍ പാശ്‌ചാത്യ വിദ്യാഭ്യാസത്തെ ഗാന്ധി എതിര്‍ത്തു. ഇതിനെ തുടര്‍ന്ന്‌ 1911- ല്‍ ഹരിലാല്‍ കുടുംബവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയായിരുന്നു.