ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കാനുള്ള നിയമനിർമാണത്തിന് കേന്ദ്രം ശ്രമിക്കുന്നതായി റിപ്പോർട്ട്. വോട്ടർ തിരിച്ചറിയൽ രേഖയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശത്തിന് പിന്നാലെയാണ് കേന്ദ്രം സുപ്രധാനമായ രണ്ട് രേഖകളും ബന്ധിപ്പിക്കാൻ ആലോചിക്കുന്നതെന്ന് വാർത്താ ഏജൻസിയായ ഐ എഎൻ എസ് റിപ്പോർട്ട് ചെയ്തു.
പുതിയ വോട്ടർമാർ പേര് ചേർക്കുമ്പോൾ ആധാർ വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അധികാരപ്പെടുത്തുന്നതാണ് ഭേദഗതി. വോട്ടർ പട്ടികയിലെ ഇരട്ടിപ്പും കള്ളത്തരങ്ങളും ഒഴിവാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കരുതുന്നത്. വോട്ടർ പട്ടിക കുറ്റമറ്റതാക്കാൻ കമ്മീഷൻ 2015ൽ തുടക്കമിട്ട പദ്ധതിയിൽ വോട്ടർമാരുടെ ആധാർ വിവരങ്ങൾ ശേഖരിക്കാൻ നിർദേശിക്കുകയും ഇതനുസരിച്ച് 30 കോടി വോട്ടർമാരുടെ ആധാർ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭക്ഷ്യ പൊതുവിതരണം,പാചക വാതകം തുടങ്ങിയ സർവീസുകൾക്കല്ലാതെ ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീം കോടതിവിധിയോടെ കമ്മീഷൻ ഈ പദ്ധതി നിർത്തിവെക്കുകയായിരുന്നു.