ഗോവിന്ദ് പന്‍സാര വധം; പ്രധാന പ്രതിയെ തിരിച്ചറിഞ്ഞു

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (11:17 IST)
പുരോഗമന എഴുത്തുകാരനും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഗോവിന്ദ് പന്‍സാരയെ വധിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ മഹാരാഷ്ട്ര പൊലീസ് തിരിച്ചറിഞ്ഞു. തീവ്രഹിന്ദു സംഘമായ സനാതന്‍ സന്‍സ്തയുടെ സജീവ പ്രവര്‍ത്തകനായ  രുദ്ര പാട്ടീലാണ് പ്രതി. ഒളിവില്‍പ്പോയ ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞു. അതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും പോലീസ് വക്താവ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രണ്ടുപേരെ മഹാരാഷ്ട്ര പ്രത്യേകസംഘം കര്‍ണാടകയില്‍ നിന്ന അറസ്റ്റിലായിരുന്നു. സുനില്‍ ജാദവ്, ശ്രീധര്‍ ജാദവ് എന്നിവരെയാണ് പിടികൂടിയത്. ഇവരാണ് പ്രധാനപ്രതിയെക്കുറിച്ചുള്ള വിവരം പോലീസിനോട് വെളിപ്പെടുത്തിയത്. ഫിബ്രവരി 16ന് കാലത്ത് പ്രഭാതസവാരിക്കിടയിലാണ് 81 കാരനായ പന്‍സാരെയ്ക്കും ഭാര്യ ഉമയ്ക്കും വെടിയേല്‍ക്കുന്നത്.

നാലുദിവസത്തിനു ശേഷം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആസ്പത്രിയില്‍ പന്‍സാരെ മരിച്ചു. മുഗള്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടി മാഹാരാഷ്ട്രയില്‍ സ്വന്തം സാമ്രാജ്യം സ്ഥാപിച്ച ഛത്രപതി ശിവജി മതേതര ഭരണാധികാരിയായിരുന്നു എന്ന രീതിയില്‍ എഴുതിയ പുസ്തകമാണ് അദ്ദേഹത്തെ വധിക്കാന്‍ കാരണമായത്.