കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് രംഗത്ത്. സോണിയയുടെ നേതൃത്വം കോണ്‍ഗ്രസുകാര്‍ അംഗീകരിച്ചത് അവരുടെ തൊലിയുടെ വെളുത്ത നിറം കണ്ടിട്ടാണെന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശം ഇതിനൊടകം വിവാദമായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഹാജിപൂരില്‍ നടന്ന ബിജെപി പരിപാടിക്കിടയിലായിരുന്നു ഗിരിരാജ് സിങിന്റെ വിവാദ പരാമര്‍ശം.
രാജീവ് ഗാന്ധി നൈജീരിയക്കാരിയെയാണ് വിവാഹം കഴിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസുകാര്‍ അവരെ പാര്‍ട്ടി അധ്യക്ഷയായി അംഗീകരിക്കുമായിരുന്നോ എന്നും ഗിരിരാജ് സിംഗ് ചോദിച്ചു. ഗിരിരാജ് സിങ്ങിന്റെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഗിരിരാജ് സിംഗിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു.
നരേന്ദ്ര മോഡിയെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തില്‍ മന്ത്രിയുടെ ബോധം തന്നെ പോയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. വംശീയമായ പരാമര്‍ശമാണ് മന്ത്രി നടത്തിയിരിക്കുന്നതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട് പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എതിര്‍ക്കുന്നവരെല്ലാം പാകിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞു രംഗത്ത് വന്ന ഗിരിരാജ് സിംഗ് വിവാദമുയര്‍ത്തിയിരുന്നു.