വിദ്യാർത്ഥിയെ വെടിവെച്ച് കൊന്ന സംഭവം: താൻ കുറ്റക്കാരനല്ലെന്ന് ജെ ഡി യു നേതാവിന്റെ മകൻ

ചൊവ്വ, 10 മെയ് 2016 (17:56 IST)
കാര്‍ മറികടന്നതിന് പ്ലസ് ടു വിദ്യാര്‍ത്ഥിയെ കൊന്ന സംഭവത്തില്‍ താൻ നിരപരാധിയെന്ന് അറിയിച്ച് കൊണ്ട് പൊലീസ് അറസ്റ്റ് ചെയ്ത റോക്കി യാദവ് രംഗത്ത്. ജനതാദൾ യുണൈറ്റഡ് നേതാവിന്‍റെ മകനാണ് കുറ്റം നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് റോക്കി ഇക്കാര്യം വ്യക്തമാക്കിയത്.
 
താൻ ഒളിവിലായിരുന്നില്ലെന്നും, വ്യക്തിപരമായ ചില ആവശ്യങ്ങൾക്കായി താൻ ഡൽഹിയിൽ പോയതായിരുന്നുവെന്നും തന്റെ അമ്മ വിളിച്ചിട്ടാണ് താൻ ഇപ്പോൾ മടങ്ങി വന്നതെന്നുമായിരുന്നു റോക്കി പ്രതികരിച്ചത്. അതേസമയം, റോക്കി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ആയുധത്തോടു കൂടിയാണ് അയാളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.
 
തന്‍റെ ലാൻഡ് റോവർ കാറിനെ മറികടന്നതിനെ തുടർന്നായിരുന്നു റോക്കി മാരുതി സ്വിഫ്റ്റില്‍ മടങ്ങുകയായിരുന്ന ആദിത്യ സച്ദേവ എന്ന 19 കാരനെ വെടിവെച്ചു കൊന്നത്. അതേസമയം പ്രതി വളരെ സ്വാധീനമുള്ള വ്യക്തിയാണെന്നും അതിനാല്‍ രക്ഷപെടാനാണ് സാധ്യതയെന്നും ആദിത്യയുടെ സഹോദരന്‍ സാഗര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ കുടുംബം ഭീഷണിയെ ഭയപ്പെടുന്നുണ്ടെന്നും സാഗര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക