ലണ്ടനിലെ തെംസ് നദി ശുദ്ധീകരിച്ച വിദഗ്ധരുടെ സഹായം ഗംഗാനദി പുനരുജ്ജീവന പദ്ധതിക്കു വേണ്ടി ഉപയോഗിക്കാന്‍ വിട്ടൂനല്‍കാമെന്ന് ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍. ബ്രിട്ടിഷ് സര്‍ക്കാരിനു പുറമെ നെതര്‍ലന്‍ഡ്‌സ്, ഡെന്മാര്‍ക്ക് രാജ്യങ്ങളും പദ്ധതിയില്‍ സഹകരിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഭാഗമായിരുന്ന ഗംഗാ പുനരുജ്ജീവന വകുപ്പിനെ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണ് ജലവിഭവ മന്ത്രാലയത്തിന്റെ കീഴിലാക്കിയത്. ലണ്ടനിലെ തെംസ് നദി പുനരുജ്ജീവിപ്പിച്ച മാതൃകയാണ് ഗംഗയ്ക്കും ഉചിതമായി വിദഗ്ധര്‍ കാണുന്നത്.
അതിനാലാണ് ബ്രിട്ടണ്‍ ഈ പാദ്ധതിയില്‍ സഹകരിക്കനുള്ള സന്നദ്ധത അറിയിച്ചത്. 1957ല്‍ മൃതനദിയായി പ്രഖ്യാപിച്ച തെംസിനെ എഴുപതുകളില്‍ ഊര്‍ജിതമായ പരിസ്ഥിതി സംരക്ഷണ നടപടികളിലൂടെയാണ് പുനരുജ്ജിവിപ്പിച്ചത്. ഓക്‌സിജന്‍ തീരെയില്ലാതിരുന്ന തെംസിലെ ജലം മാലിന്യവിമുക്തവും മല്‍സ്യവാസത്തിന് അനുയോജ്യവുമാക്കാന്‍ സംഘത്തിന് ഏറെ നാളത്തെ കഠിന്‍ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടി വന്നത്.
ഗംഗയുടെ കാര്യത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ശക്തമായ ബോധവല്‍ക്കരണവും വേണ്ടി വരും. ലോകത്തെ ഏറ്റവും മലിനമായ അഞ്ചു നദികളുടെ പട്ടികയിലാണ് ഗംഗ ഇപ്പോള്‍. പ്രതിദിനം 300 കോടി ലീറ്റര്‍ സീവേജ് മാലിന്യങ്ങളാണ് ഗംഗയില്‍ ഒഴുകിയെത്തുന്നത്. വര്‍ഷം തോറും തീരത്ത് സംസ്‌കരിക്കപ്പെടുന്ന മൃതദേഹങ്ങളില്‍ നിന്ന് 800 ടണ്‍ ചാരവും ഒഴുക്കിവിടുന്ന ഏകദേശം 3000 മൃതശരീരങ്ങളും പാതി വെന്ത 300 ടണ്‍ മൃതദേഹാവശിഷ്ടങ്ങളും പുണ്യനദിയെ മലിനമാക്കുന്നു.
ഗംഗയ്‌ക്കൊപ്പം യമുനയുടെ ശുദ്ധീകരണവും പരിഗണിക്കുന്നുണ്ട്. ഗംഗാ നദി വിനോദസഞ്ചാരം, ജലഗതാഗതം, മല്‍സ്യബന്ധനം, ഊര്‍ജോല്‍പാദനം തുടങ്ങിയ വിവിധോദ്ദേശ്യ പദ്ധതികള്‍ നടപ്പാക്കാവുന്ന തരത്തില്‍ ശുദ്ധീകരിച്ചു വികസിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി മുതല്‍ ബംഗാളിലെ ഹൂഗ്ലി വരെ ജലഗതാഗത യോഗ്യമാക്കാനാണ് പദ്ധതി. ജലഗതാഗതത്തിനായി കുറഞ്ഞത് 45 മീറ്റര്‍ വീതിയിലും മൂന്നു മീറ്റര്‍ ആഴത്തിലും ജലപ്രവാഹമുണ്ടാക്കാനും പദ്ധതിയുണ്ട്.
ഗംഗാ
പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ചു നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സെക്രട്ടറിതല സമിതിക്കു രൂപം നല്‍കി. ജലവിഭവ സെക്രട്ടറി അലോക് റാവത്തിന്റെ അധ്യക്ഷതയില്‍ പരിസ്ഥിതി, ജലഗതാഗത, ടൂറിസം സെക്രട്ടറിമാരാണ് സമിതിയിലുള്ളത്. സമിതിയുടെ ശുപാര്‍ശ അനുസരിച്ചാകും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക.
പദ്ധതി മാതൃക രാജ്യത്തെ മറ്റു നദികളുടെ ശുദ്ധീകരണത്തിനും ഉപയോഗിക്കാനാണ് പരിപാടി. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നരേന്ദ്ര മോദിയുടെയും ഉമാഭാരതിയുടെയും പ്രത്യേക ശ്രദ്ധ പതിയുന്നതിനാല്‍ ഇക്കുറി പദ്ധതി കാര്യക്ഷമമാകുമെന് പ്രതീക്ഷിക്കുന്നു
ബ്രിട്ടിഷ്, ഡച്ച് സര്‍ക്കാരുകളുടെ സഹായത്തോടെ കേന്ദ്ര സര്‍ക്കാര്‍ 1985ല്‍ പദ്ധതി ആരംഭിച്ചെങ്കിലും ഫലപ്രദമായില്ല. ആസൂത്രണ വൈകല്യവും സാങ്കേതിക വിദഗ്ധരുടെ അഭാവവും പദ്ധതി തുക ദുരുപയോഗിച്ചതും നദിയിലേക്കുള്ള മാലിന്യം തള്ളല്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതുമാണ് പദ്ധതി പരാജയപ്പെട്ടത്.