മോഡി പ്രധാനമന്ത്രിയായത് ദൂരദര്‍ശന്‍ അറിഞ്ഞില്ല!

Webdunia
ശനി, 27 സെപ്‌റ്റംബര്‍ 2014 (11:09 IST)
നരേന്ദ്രമോഡി പ്രധാനമന്ത്രിയായത് ദൂരദര്‍ശന്‍ അറിഞ്ഞില്ല. ഗുരുതരമായ കൃത്യവിലോപത്തിലൂടെ വാര്‍ത്തകളില്‍ ഇടംനേടിയ ദൂരദര്‍ശന്റെ വാര്‍ത്താചാനല്‍ അതേകാരണത്താല്‍ വീണ്ടും വിവാദത്തിലായി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎസ്‌ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുളള വാര്‍ത്താ പരിപാടിയില്‍ മോഡിക്കു പകരം മന്‍മോഹന്‍ സിംഗിന്റെ വിഷ്വലുകള്‍ കാണിച്ചാണ്‌ ഇത്തവണ ദേശീയ ചാനല്‍ വിവാദത്തിലായത്.
 
വ്യാഴാഴ്‌ച രാത്രി വൈകിയുളള ബുള്ളറ്റിനിലാണ്‌ മോഡിക്കു പകരം മന്‍മോഹന്‍ സിംഗിനെ കാട്ടി ദൂരദര്‍ശന്‍ അപമാനിതമായത്‌. ഇതേ വിഷ്വലുകള്‍ മറ്റു സമയത്തുളള ബുളളറ്റിനുകളിലും ഇടംപിടിച്ചിരുന്നതായും പറയപ്പെടുന്നു.
 
ചൈനീസ്‌ പ്രസിഡന്റിന്റെ പേര്‌ സീ ജിന്‍പിംഗ് എന്നതിനു പകരം 'ഇലവന്‍ ജിന്‍പിംഗ്’ എന്ന്‌ ഉച്ചരിച്ച ദൂരദര്‍ശന്‍ അവതാരക നല്‍കിയ അപമാനത്തില്‍ നിന്ന്‌ മുക്‌തി നേടുന്നതിനു മുന്‍പാണ്‌ അടുത്ത ആരോപണമുയരുന്നത്‌. കശ്‌മീര്‍ പ്രളയം റിപ്പോര്‍ട്ടു ചെയ്‌തപ്പോള്‍ അനന്തനാഗിനു പകരം 'ഇസ്ലാമബാദ്‌' എന്നും ശങ്കരാചാര്യ ഹില്ലിനു പകരം ' സുലൈമാന്‍' എന്നും പറഞ്ഞതിനു ശേഷം തെറ്റുകള്‍ ഒഴിവാക്കാനായി ദൂരദര്‍ശന്‍ പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. എന്നാല്‍ പുതിയ സംവിധാനവും അപര്യാപ്‌തമാണെന്നാണ്‌ പുതിയ വിവാദം ചൂണ്ടിക്കാട്ടുന്നത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.