മദ്രാസ് ഐ ഐ ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് ലത്തീഫ്. മരണം നടന്ന് ആദ്യദിവസം ഫാത്തിമയുടെ മൃതദേഹം കാണുവാൻ പോലീസ് അനുവദിച്ചില്ല. തെളിവുകൾ എല്ലാം തന്നെ നശിപ്പിച്ചിരുന്നു. തൂങ്ങിമരിച്ചതിന്റെ യാതൊരു ലക്ഷണവും റൂമിൽ ഉണ്ടായിരുന്നില്ല. മൃതദേഹം കണ്ടെത്തിയത് മുട്ടുകാലിൽ നിലയിലായിരുന്നെന്നും ഫാത്തിമയുടെ മരണം കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നതിൽ അന്വേഷണം വേണമെന്നും പിതാവ് ലത്തീഫ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പുതിയ വെളിപ്പെടുത്തൽ.
ഫാത്തിമയുടെ മരണത്തിൽ തമിഴ്നാട് പോലീസ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും മൃതദേഹം അയക്കുവാൻ പോലീസ് തിടുക്കം കാണിച്ചെന്നും പിതാവ് ആരോപിക്കുന്നു. ഫാത്തിമയുടെ അക്കാദമിക് മികവിൽ സഹപാടികളിൽ പലർക്കും ഫാത്തിമയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഫാത്തിമയെ മതപരമായി മാനസികപീഡനത്തിനിരയാക്കിയിരുന്നോ എന്ന് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.