യമനിൽ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ ഫാ. ടോം ഉഴുന്നാലിൽ സഹായമഭ്യർത്ഥിക്കുന്ന വീഡിയോ പുറത്ത്. തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും വൈദ്യസഹായം ലഭ്യമാക്കണമെന്നും ഫാദര്‍ ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാരും രാഷ്ട്രപതിയും തന്നെ മോചിപ്പിക്കുന്നതിന് അടിയന്തിരമായി എന്തെങ്കിലും ചെയ്യണം എന്നും വീഡിയോയിൽ ഫാദർ പറയുന്നു.
ഇന്ത്യക്കാരനായതിനാലാണ് തനിക്ക് ഈ ഗതി വന്നതെന്നും ഉഴുന്നാലില്‍ വീഡിയോയില്‍ പറയുന്നു. തന്നോടൊപ്പം ബന്ധിയാക്കിയ ഫ്രഞ്ച് വനിതയെ അവരുടെ സര്‍ക്കാര്‍ മോചിപ്പിച്ചു. യൂറോപ്പ്യൻ വംശജനായിരുന്നെങ്കിൽ തന്നെ ഇത്തരത്തിൽ കഷ്ടപ്പെടുത്തില്ലെന്നും അദ്ദേഹം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തനിയ്ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തില്ല എന്നും വീഡിയോയിൽ പറയുന്നു. ഇതിനുമുമ്പും ഒരുതവണ അദ്ദേഹത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
മാര്‍ച്ച് നാലിനായിരുന്നു ഏദനില്‍ നിന്ന് ഫാദറിന്റെ ഐ എസ് ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയത്. സലേഷ്യന്‍ സമൂഹത്തിന്റെ ക്ലിനിക്കില്‍ നിന്ന് ഒപ്പമുണ്ടായിരുന്ന 12 പേരെ വെടിവെച്ച് കൊന്നതിന് ശേഷം ഫാ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പാല രാമപുരം സ്വദേശിയായ ഇദ്ദേഹത്തെ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ തൂക്കിലേറ്റിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് ഇത് ശരിയല്ലെന്ന് തെളിയുകയായിരുന്നു.