ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും തന്റെ സർക്കാർ വൈദ്യുതീകരിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിലെ ലെയ്സാങ് ഗ്രാമത്തിൽക്കൂടി വൈദ്യുതി എത്തിച്ചതോടെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്നാണു മോദി ഞായറാഴ്ച ട്വീറ്റ് ചെയ്തത്.
ഏപ്രിൽ 28 എന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ഓർമിക്കപ്പെടുമെന്നും ഈ ഗ്രാമമാണ് വൈദ്യുതിയുമായി ഏറ്റവും ഒടുവിൽ ചേർക്കപ്പെടുന്ന ഇന്ത്യൻ ഗ്രാമമെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. 2014ൽ മോദി അധികാരത്തിൽ കയറുമ്പോൾ 18,452 ഗ്രാമങ്ങളിൽ വൈദ്യുതി കടന്നുചെന്നിട്ടില്ലായിരുന്നു. ഇപ്പോൾ സർക്കാരിന്റെ കണക്കനുസരിച്ച് 5,97,464 സെൻസസ് ഗ്രാമങ്ങളും വൈദ്യുതീകരിച്ചുവെന്നാണ് മോദി അവകാശപ്പെടുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. യുപിഎയുടെ കാലഘട്ടത്തെ കണക്കും എൻഡിഎയുടെ കണക്കും താരതമ്യം ചെയ്താണ് വക്താവ് രൺദീപ് സുർജേവാല ട്വിറ്ററിലൂടെ ബിജെപി സർക്കാരിനെ ആക്രമിച്ചത്.