അവിശ്വസനീയ യുദ്ധമുറകളുമായി കുഞ്ഞാലി മരയ്ക്കാർ! - ഈ ചിത്രം ഇന്ത്യൻ നാവികസേനയ്ക്കുള്ള ആദരമെന്ന് മോഹൻലാൽ

ഞായര്‍, 29 ഏപ്രില്‍ 2018 (13:14 IST)
കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥ അടയാളപ്പെടുത്തുന്ന തന്റെ പുതിയ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഇന്ത്യന്‍ നാവിക സേനയ്ക്കുള്ള ആദരമെന്ന് മോഹന്‍ലാല്‍. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ അവതരിപ്പിക്കുന്ന ഇരുപത്തഞ്ചാം ചിത്രമാണ് കുഞ്ഞാലിമരയ്ക്കാര്‍. ‘മരക്കാര്‍ - അറബിക്കടലിന്‍റെ സിംഹം’ എന്നാണ് ചിത്രത്തിന് പേര്.
   
‘ഇന്ത്യന്‍ നാവിക സേനയുടെ ചരിത്രത്തിലെ ആദ്യത്തെ നാവിക തലവന്‍ ആയിരുന്നു കുഞ്ഞാലി മരക്കാര്‍ അദ്ദേഹത്തിന്റെ കടല്‍ യുദ്ധ മുറകള്‍ അവിശ്വസനീയമായിരുന്നു . ചരിത്രത്തെ കുറിച്ചു ഒരുപാട് ഗവേഷണം നടത്തിയും ഗവേഷകരോട് സംസാരിച്ചുമാണ് ഈ ചിത്രം ഒരുക്കുന്നത് കടലില്‍ ആയിരിക്കും ഈ ചിത്രത്തിന്റെ പകുതിയോളം ചിത്രീകരിക്കുക‘ എന്ന് മോഹൻലാൽ വ്യക്തമാക്കുന്നു.
 
അതുപോലെ മൂന്നു മാസം കൊണ്ട് ഷൂട്ടിങ് തീര്‍ക്കാന്‍ പ്ലാന്‍ ചെയ്യുന്ന ഈ ചിത്രം ഈ വര്‍ഷം നവംബര്‍ ഒന്നിന് തുടങ്ങാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. അതേസമയം, അവിശ്വസനീയമായ യുദ്ധമുറകൾ ഉള്ള മരയ്ക്കാരുടെ ജീവിതം സിനിമയാക്കുമ്പോൾ അതിന് വെറും മൂന്ന് മാസം മതിയകുമോ എന്നാണ് നിരൂപകരും സോഷ്യൽ മീഡിയയും ചോദിക്കുന്നത്.
 
ഏതായാലും നൂറു കോടിയോളം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ പ്രോജക്ട് ആണ്. ആന്റണിക്ക് ഒപ്പം കോണ്ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റര്‍ടൈന്മെന്റിന്റെ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍