ജീവിച്ചിരിക്കുന്നവരെ തോല്‍പ്പിച്ച് മരിച്ച സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം...!

Webdunia
തിങ്കള്‍, 2 നവം‌ബര്‍ 2015 (16:58 IST)
ഉത്തര്‍പ്രദേശില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മരണപ്പെട്ട സ്ഥാനാര്‍ഥിക്ക് ഉജ്ജ്വല വിജയം. ഉത്തര്‍പ്രദേശിലെ ധര്‍മി വില്ലേജിലെ ക്‌സട്ര പഞ്ചായത്തില്‍ നിന്നും ജനവിധി തേടിയ രഞ്‌ജിലാലാണ്‌ ജീവിച്ചിരിക്കുന്ന എതിരാളികളെ തോല്‍പ്പിച്ച്‌ വിജയം നേടിയത്‌.

വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ മറ്റ്‌ സ്‌ഥാനാര്‍ത്ഥികളെ പിന്തള്ളി വലിയ ഭൂരിപക്ഷത്തോടെയാണ്‌ രഞ്‌ജിലാല്‍ ജയിച്ചത്‌. 643 പേരാണ്‌ വോട്ട്‌ ചെയ്‌തത്‌. രഞ്‌ജിലാലിന്‌ പിന്നിലായി രണ്ടാം സ്‌ഥാനത്തെത്തിയ രാജ്‌കുമാര്‍ എന്ന സ്‌ഥാനാര്‍ത്ഥിക്ക്‌ 61 വോട്ടുകളാണ്‌ ലഭിച്ചത്‌.

ആകെ നാല് പേരാണ് തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. പോളിംഗ് നടന്ന ഒക്‌ടോബര്‍ 13ന്‌ മൂന്ന്‌ ദിവസം മുമ്പ്‌ പത്താം തിയതി രഞ്ജിലാല്‍ മരണപ്പെടുകയായിരുന്നു. രഞ്‌ജിലാലിന്റെ മരണത്തിന്‌ ശേഷം തെരഞ്ഞെടുപ്പ്‌ മാറ്റി വയ്‌ക്കണമെന്ന്‌ പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ ആവശ്യം തള്ളിയ കമ്മീഷന്‍ നിശ്ചയിച്ച തീയതി തന്നെ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഇതോടെ മരിച്ച രഞ്ജിലാലിന് ഗ്രാമവാസികള്‍ ഒന്നടങ്കം വോട്ട് ചെയ്യുകയായിരുന്നു. വിജയിച്ച സ്ഥാനാര്‍ഥി ജീവനൊടെ ഇല്ലാത്തതിനാല്‍ ക്‌സട്ര പഞ്ചായത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും.