കൊൽക്കത്ത: അധ്യാപക നിയമനം കുംഭകോണവുമായി ബന്ധപ്പെട്ട് നടി അർപ്പിത മുഖർജിയുടെ ഫ്ലാറ്റിൽ നിന്നും വീണ്ടും സ്വർണവും പണവും പിടിച്ചെടുത്തു. ബെൽഘാരിയ ടൗൺ ക്ലബിലെ നടിയുടെ ആഡംബര ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 18 കോടി രൂപയും 6 കിലോ സ്വർണവുമാണ് ഇ ഡി കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 50 കോടിയോളം രൂപയാണ് ഇ ഡി കണ്ടെടുക്കുന്നത്.
ദിവസങ്ങൾക്ക് മുൻപ് അർപ്പിതയുടെ കൊൽക്കത്തയിലെ ഫ്ലാറ്റിൽ നിന്നും 21 കോടിയോളം രൂപയും 50 ലക്ഷത്തിൻ്റെ വിദേശകറൻസികളും 20 മൊബൈൽ ഫോണുകളും 70 ലക്ഷത്തിൻ്റെ സ്വർണവും ഇ ഡി കണ്ടെടുത്തിരുന്നു. ബുധനാഴ്ച ഇ ഡി ആരംഭിച്ച റെയ്ഡിൽ പണം എണ്ണിതിട്ടപ്പെടുത്തേണ്ടതിനാൽ കൂടുതൽ യന്ത്രങ്ങൾ എത്തിച്ച് വ്യാഴാഴ്ച പുലർച്ചയോടെയാണ് നോട്ടെണ്ണിതീർന്നത്. ഇരുമ്പ് പെട്ടികളിലാക്കി ലോറിയിലാണ് ഇത് കൊണ്ടുപോയത്.
അധ്യാപക നിയമന കുംഭകോണ കേസുമായി ബന്ധപ്പെട്ട് അര്‍പ്പിത മുഖര്‍ജിയെയും ബംഗാൾ വ്യവസായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെയും ചോദ്യംചെയ്യുന്നത് തുടരുകയാണ്. ചോദ്യം ചെയ്യലിനിടെ തൻ്റെ ഫ്ലാറ്റുകൾ മിനിബാങ്കുകളായാണ് മന്ത്രി ഉപയോഗിച്ചിരുന്നതെന്ന് അർപ്പിത തുറന്ന് സമ്മതിച്ചിരുന്നു. ബംഗാൾ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാൾ സ്കൂൾ സർവീസസ് കമ്മീഷൻ വഴി സർക്കാർ സ്കൂളുകളിൽ അധ്യാപക-അനധ്യാപക തസ്തികകളിലേക്ക് നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതിൽ മന്ത്രി കൈകൂലി വാങ്ങിയെന്നാണ് ആരോപണം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിയും മമതയുടെ വിശ്വസ്തനുമാണ് പാർഥ ചാറ്റർജി.