തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ ഡല്‍ഹിയില്‍ ഏഴുവയസുകാരന്‍ മരിച്ചു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഗഫര്‍ മന്‍സില്‍ കോളനിയിലെ റിക്ഷാതൊഴിലാളിയായ സബീര്‍ അന്‍സാരിയുടെ മകനായ മാമുനുവാണ് നായകളുടെ ആക്രമണത്തില്‍ മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി രാത്രി തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ചൊവ്വാഴ്ച സ്‌കൂള്‍ വിട്ട് വന്ന മാമുന്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു ഈ സമയം പാഞ്ഞെത്തിയ നായകള്‍ മാമുനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിലത്ത് വീണ കുട്ടിയുടെ കഴുത്തില്‍ കടിച്ചു പിടിച്ച നായ്‌ക്കള്‍ കുട്ടിയെ സമീപത്തുള്ള കുഴിയിലേക്ക് വലിച്ചിഴയ്‌ക്കുകയായിരുന്നു. മറ്റു കുട്ടികള്‍ കല്ലുകള്‍ എറിഞ്ഞ് നായ്‌ക്കളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
കുട്ടികള്‍ വീട്ടിലേക്ക് ഓടി രക്ഷിതാക്കളെയും വിളിച്ചുകൊണ്ടുവരുമ്പോള്‍ മാമുനു അബോധാവസ്ഥയിലായിരുന്നു. കുട്ടിയുടെ കഴൂത്തിലും തലയിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്നും മാംസം കടിച്ചെടുത്ത നിലയിലായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
മാമുന്റെ സഹോദരിയെയും കഴിഞ്ഞ മാസം നായ്ക്കള്‍ ആക്രമിച്ചിരുന്നു. കോളനി നിവാസികള്‍ നിരന്തരം പരാതി നല്‍കാറുണ്ടെങ്കിലും മുനിസിപ്പല്‍ കോര്‍പറേഷന്‍ അഷധികൃതര്‍ നടപടി സ്വീകരിക്കാറില്ലെന്നും അന്‍സാരി പറഞ്ഞു.