ബാങ്കില്‍ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം; രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയാല്‍ ആദായനികുതി വകുപ്പ് പരിശോധിക്കും; നികുതിവെട്ടിപ്പ് കണ്ടെത്തിയാല്‍ 200 ശതമാനം പിഴ

Webdunia
വ്യാഴം, 10 നവം‌ബര്‍ 2016 (08:50 IST)
രാജ്യത്ത് അസാധുവാക്കിയ 500, 1000 കറന്‍സി നോട്ടുകള്‍ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിക്ഷേപിക്കാം. അതേസമയം, രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയാല്‍ ആദായനികുതി വകുപ്പ് പരിശോധിക്കും. ഇത്രയും തുകയില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ നികുതി ഈടാക്കും.
 
അതേസമയം, പ്രഖ്യാപിത വരുമാനവുമായി പൊരുത്തപ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 200 ശതമാനം പിഴ ഈടാക്കും. 
 
നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലത്ത് ഓരോ ബാങ്ക് അക്കൌണ്ടുകളിലും നിക്ഷേപിക്കപ്പെടുന്ന പണത്തെക്കുറിച്ച് സര്‍ക്കാരിന് വിവരം ലഭിക്കുമെന്ന് റവന്യൂസെക്രട്ടറി ഹന്‍സ്‌മുഖ് അധിയ അറിയിച്ചു. നിക്ഷേപകര്‍ നല്കിയിട്ടുള്ള ആദായനികുതി റിട്ടേണുമായി ഇത് നോക്കും. ഇതിനെ അടിസ്ഥാനമാക്കി ആയിരിക്കും നിക്ഷേപകര്‍ക്കെതിരെ നടപടി സ്വീകരിക്കുക.
 
പ്രഖ്യാപിത വരുമാനവും നിക്ഷേപവും തമ്മില്‍ പൊരുത്തപ്പെടാതെ വന്നാല്‍ അത് നികുതി വെട്ടിപ്പായി കണക്കാക്കും. ആദായ നികുതി നിയമത്തിലെ 270-എ വകുപ്പു പ്രകാരം നല്‍കേണ്ട നികുതിയുടെ 200 ശതമാനം പിഴയായി ഈടാക്കുകയും ചെയ്യും.
Next Article