5,000 രൂപയിലേറെ ഒറ്റത്തവണ നിക്ഷേപിക്കാൻ തടസ്സമില്ല, അസാധു നോട്ടുകൾ നിക്ഷേപിക്കാൻ എത്തുന്നവർ പേടിച്ചാൽ മതി: അരുൺ ജെയ്‌റ്റ്ലി

ചൊവ്വ, 20 ഡിസം‌ബര്‍ 2016 (16:19 IST)
5,000 രൂപയിലേറെ വരുന്ന തുക ഡിസംബര്‍ 30ന് മുമ്പ് ഒരു തവണ നിക്ഷേപിക്കുന്നതിന് തടസ്സമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. അസാധു നോട്ടുകള്‍ പലതവണയായി നിക്ഷേപിക്കാന്‍ എത്തുന്നവര്‍ മാത്രമേ വിശദീകരണം നല്‍കേണ്ടതുള്ളുവെന്നും അവർ മാത്രം ഭയപ്പെട്ടാൽ മതിയെന്നും ജെയ്റ്റ്‌ലി പറഞ്ഞു. അസാധുവാക്കിയ 500, 1000 രൂപ  നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ പത്തുദിവസം മാത്രം ശേഷിക്കേയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
 
രണ്ട്​ കോടി രൂപ വരെ നീക്കിയിരിപ്പുള്ള വ്യാപാരികളും സ്ഥാപനങ്ങളും പണമിടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക്​ മാറ്റിയാൽ നികുതി ഇളവ്​ നൽകും. 5000 രൂപയിൽ അധികമുള്ള പഴയ നോട്ട് നിക്ഷേപിക്കാന്‍ വൈകിയതിനുള്ള കാരണം ബോധ്യപ്പെടുത്തണമെന്ന്​ കഴിഞ്ഞ ദിവസം ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ്​ കൂടുതൽ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നത്​. 
 
ബാങ്കില്‍ ഒറ്റത്തവണ എത്ര രൂപയുടെ നിക്ഷേപം നടത്തിയാലും ആര്‍ക്കും ഒരു ചോദ്യവും നേരിടേണ്ടിവരില്ല . പക്ഷേ ഒരാള്‍ പല ദിവസങ്ങളിലായി തുക നിക്ഷേപിക്കുന്നത് സംശയാസ്പദമാണെന്നും എല്ലാവരും കൈയിലുള്ള അസാധു നോട്ടുകള്‍ ഒന്നിച്ച് നിക്ഷേപിക്കണമെന്നും ധനമന്ത്രി നിര്‍ദേശിച്ചു. 

വെബ്ദുനിയ വായിക്കുക