സ്വാശ്രയ ഡെന്റല്‍: സർക്കാർ വിദ്യാര്‍ത്ഥികളെ കണ്ടെത്തണമെന്ന് സുപ്രീംകോടതി
ചൊവ്വ, 19 ഓഗസ്റ്റ് 2014 (14:09 IST)
സ്വാശ്രയ ഡെന്റല്‍ കോളേജ് വിഷയത്തില്‍ മാനേജ്‌മെന്റുകളുടെ ആവശ്യം തള്ളി സുപ്രീംകോടതി. സ്വാശ്രയ ഡെന്റല്‍ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് വിദ്യാർത്ഥികളെ സർക്കാർ തന്നെ കണ്ടെത്തണമെന്നും. മൂന്ന് ദിവസത്തിനകം സർക്കാർ പട്ടികയില്‍ നിന്നും യോഗ്യരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനുമാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്.
പ്രവേശനത്തിന് പ്രത്യേകം പരീക്ഷ നടത്താൻ അനുവദിക്കണമെന്നായിരുന്നു സ്വാശ്രയ മാനേജ്‌മെന്റുകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളിക്കളയുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം കോളേജുകളിലെ 650 സീറ്റുകളിലേക്കാണ് സർക്കാർ പട്ടികയില്‍ നിന്നും നിയമനം നടത്തേണ്ടത്.
സർക്കാർ പട്ടികയില്‍ നിന്നും മാനേജ്‌മെന്റ് സീറ്റില്‍ വലിയ ഫീസ് നൽകി പഠിക്കാന്‍ വിദ്യാർത്ഥികൾ തയ്യാറാകുന്നില്ലെന്നും അതുകൊണ്ടു തന്നെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് മാത്രമായി പ്രത്യേക പ്രവേശന പരീക്ഷ വേണമെന്നുമായിരുന്നു സ്വാശ്രയ മാനേജ്‌മെന്റുകളുടെ ആവശ്യം.