കൊല്ലപ്പെട്ടവര്‍ എത്ര ?; മോദി സര്‍ക്കാരിനെ പരിഹാസത്തില്‍ മുക്കി ശിവസേന

Webdunia
ചൊവ്വ, 10 ജനുവരി 2017 (20:02 IST)
ഭീകരപ്രവര്‍ത്തനം തടയുന്നതിനായിട്ടാണ് നോട്ടുകള്‍ അസാധുവാക്കിയതെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാദത്തെ പരിഹസിച്ച് ശിവസേന. നവംബർ എട്ടിനു ശേഷം അതിർത്തിയിൽ നാല് ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ മുറപോലെ തുടരുന്നുണ്ടെന്നും മുഖപത്രമായ സാമ്‌നയില്‍ സേന വ്യക്തമാക്കുന്നു.

നോട്ട് നിരോധനത്തിനു ശേഷം എത്ര ജവാന്മാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് കേന്ദ്രം വ്യക്തമാക്കണം. അടുത്തിടെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. നോട്ട് അസാധുവാക്കിയാല്‍ ഭീകരാക്രമണം ഇല്ലാതാകുമെന്ന സര്‍ക്കാരിന്റെ വാദം ഇതോടെ പൊളിഞ്ഞുവെന്നും സാമ്‌നയുടെ എഡിറ്റ് പേജില്‍ പറയുന്നു.

നോട്ട് അസാധുവാക്കലിന് ശേഷം ഭീകരാക്രമണം പൊതു സ്‌ഥലങ്ങളില്‍ നിന്ന് സൈനിക ക്യാമ്പുകള്‍ക്ക് മാറി. ഭീകരപ്രവർത്തനങ്ങൾക്ക് നോട്ടു നിരോധനം കോട്ടം വരുത്തിയിട്ടില്ല എന്നതിന്റെ തെളിവുകളാണ് അടുത്ത കാലത്ത് നടന്ന ഭീകരാക്രമണങ്ങളെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.
Next Article