നോട്ടുകള്‍ അസാധുവാക്കല്‍: നികുതി നിരക്കുകളില്‍ വന്‍ കുറവുണ്ടാവുമെന്ന് അരുണ്‍ ജെയ്റ്റലി

ബുധന്‍, 14 ഡിസം‌ബര്‍ 2016 (13:45 IST)
നികുതി നിരക്കുകള്‍ കുറയ്ക്കുന്ന കാര്യത്തെകുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോച്ചിക്കുന്നു. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കുകളിലേക്ക് വന്‍തോതില്‍ പണമൊഴുക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തെകുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. മോദിസര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് പലതരത്തിലുള്ള നികുതി ഇളവുകളും പ്രതീക്ഷിക്കാമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി അറിയിച്ചത്.
 
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ ഇ-ബാങ്കിംഗ് രംഗത്തേക്ക് കൂടുതലായി ചുവടുമാറിയിട്ടുണ്ട്. ഇതൊരു ശുഭലക്ഷണമാണ്. കൃത്യമായ നികുതി ലഭിക്കും എന്നതാണ് ഇ-ബാങ്കിംഗ് കൊണ്ടുള്ള നേട്ടം. ഇനിയും ഒരുപാടുപേര്‍ വരും ദിവസങ്ങളില്‍ ഇ- കൊമേഴ്സ് രംഗത്തേക്ക് തിരിയുന്നതോടെ രാജ്യത്തെ നികുതി വരുമാനം ഉയരുകയും ഇത് നികുതികള്‍ കുറയ്ക്കാന്‍ വഴിയൊരുക്കുകയും ചെയ്യുമെന്നും ജെയ്റ്റലി കൂട്ടിച്ചേര്‍ത്തു.
 
അതേസമയം, 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ചാനിരക്ക് ഇനിയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പല സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നത്. വരുന്ന സമ്പത്തിക വര്‍ഷത്തില്‍ 7.5മുതല്‍ 8 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച നേടുവാന്‍ സാധിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 7 ശതമാനത്തോളം വളര്‍ച്ച പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക