സമൂഹമാധ്യമങ്ങളിലാകെ പടര്‍ന്നു പിടിച്ച വ്യാജവാര്‍ത്തയില്‍ കുടുങ്ങി ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവര്‍മാര്‍. ടാക്‌സി വാഹനങ്ങളിലെ ഫസ്‌റ്റ് എയ്ഡ് ബോക്‍സില്‍ ഇനിമുതല്‍ കോണ്ടം വേണമെന്നായിരുന്നു തെറ്റായ പ്രചാരണം. വാട്‌സാപ്പ് ഫേസ്‌ബുക്ക് എന്നിവയിലൂടെ ഈ വരം വൈറലാകുകയും ചെയ്‌തു. ഇതോടെയാണ്
ഡ്രൈവര്‍മാര്‍ കോണ്ടം വാങ്ങി ഫസ്‌റ്റ് എയ്‌ഡ് കിറ്റില്‍ കരുതിയത്.
ട്രാഫിക് ഉദ്യോഗസ്ഥരും പൊലീസും നടത്തുന്ന പരിശോധനയില്‍ ഫസ്‌റ്റ് എയ്‌ഡ് കിറ്റില്‍ കോണ്ടം ഇല്ലെങ്കില്‍ പിഴ അടക്കേണ്ടി വരുമെന്നും ഇത്തരത്തില്‍ നിരവധി പേര്‍ക്ക് പിഴ ഒടുക്കേണ്ടി വന്നതായും സന്ദേശങ്ങളില്‍ പറഞ്ഞിരുന്നു.
ലഭിച്ച സന്ദേശങ്ങള്‍ വിശ്വസിച്ച ടാക്‍സി ഡ്രൈവര്‍മാര്‍ കോണ്ടം വാങ്ങി കാറില്‍ സൂക്ഷിക്കുകയും ചെയ്‌തു. വ്യാജ പ്രചാരണം ശ്രദ്ധയില്‍ പെട്ടതോടെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍(ട്രാഫിക്) താജ് ഹസന്‍ രംഗത്തുവന്നു.
മോട്ടോര്‍ വാഹന നിയമത്തില്‍ ഇത്തരമൊരു നിബന്ധനയെക്കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം അറിയിച്ചു. സന്ദേശങ്ങളില്‍ സത്യമുണ്ടെന്ന് കരുതിയെന്നും പിഴ നല്‍കേണ്ടി വരുമെന്ന ഭയം മൂലമാണ് കോണ്ടം വാങ്ങി കാറില്‍ സൂക്ഷിച്ചതെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു.