ഓൺലൈൻ ടാക്‌സിയുടെ മറവിൽ മയക്കുമരുന്ന് കടത്ത്; മാഡ് മാക്‌സ് സംഘം പിടിയിൽ; ലക്ഷ്യം സ്കൂൾ കോളേജ് വിദ്യാർത്ഥികൾ

ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (08:41 IST)
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കോളേജ് വിദ്യാർഥികൾ അടക്കമുള്ള യുവതീ യുവാക്കൾക്ക് മയക്കു മരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തുന്ന മൂന്നഗ സംഘം ആലുവ റേഞ്ച് എക്സൈസിന്‍റെ പിടിയിലായി. നൈട്രോസെപാം എന്ന അതിമാരക മയക്കു മരുന്നുകളുമായി ഇടുക്കി വെള്ളത്തൂവൽ സ്വദേശി വെട്ടിക്കാട്ടിൽ വീട്ടിൽ മാഹിൻ പരീത്, തിരുവനന്തപുരം കല്ലറ സ്വദേശിയായ ഷാൻ മൻസിൽ ഷാൻ ഹാഷിം, കൊല്ലം പുനലൂർ സ്വദേശിയായ ചാരുവിള പുത്തൻ വീട്ടിൽ നവാസ് ഷരീഫ് എന്നിവരെയാണ് ഇൻസ്പെക്റ്റർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. 
 
ഉപഭോക്താക്കൾക്കിടയിൽ "മാഡ് മാക്സ്" എന്ന ഓമനപ്പേരിലാണ് മൂവർ സംഘം അറിയപ്പെട്ടിരുന്നത്. ഓൺലൈൻ ടാക്സി ഓടുന്നു എന്ന വ്യാജേന മൂവർ സംഘം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മയക്ക് മരുന്നുകൾ വിൽപ്പന നടത്തിവരികയായിരുന്നു. ഉപഭോക്താക്കളുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇവർ മയക്ക് മരുന്നുകൾ എത്തിച്ചിരുന്നത് എന്ന് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞു. "മാഡ് മാക്സ് " സംഘത്തിലെ പ്രധാനികളെക്കുറിച്ചുള്ള സൂചന എക്സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സേലം, പുതുച്ചേരി എന്നിവിടങ്ങളിലെ മയക്കു മരുന്ന് മാഫിയയുമായി ബന്ധമുള്ള ഇവർ അവിടെ നിന്നും വൻതോതിൽ മയക്കു മരുന്നുകൾ വാങ്ങി ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്. ഇതിന് ഇവർക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഏജന്‍റുമാർ ഉള്ളതായും പറയുന്നു. സ്കൂൾ, കോളെജ് വിദ്യാർഥികളെയാണ് പ്രധാനമായും ഇവർ ഉന്നമിടുന്നത്. ഇതു സംബന്ധിച്ച അന്വേഷണം നടന്നു വരുകയാണെന്ന് അധികൃതർ അറിയിച്ചു. 
 
ഇൻസ്പെക്റ്റർ ടി.കെ.ഗോപിയുടെ നേതൃത്വത്തിൽ ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സിയാദ്, ടി. അഭിലാഷ്, എക്സൈസ് ഡ്രൈവർ സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍