സ്‌ഫോടനത്തിലൂടെ ഫ്ലാറ്റ് തകര്‍ക്കും, ചെലവ് 30 കോടി; വേണ്ടത് വൻ സാങ്കേതിക സംവിധാനം!
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (18:31 IST)
തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ പൊളിച്ചു നീക്കാൻ സുപ്രീംകോടതി നിർദേശിച്ചതിന് പിന്നാലെ ഉടമകൾക്ക് നഗരസഭ നോട്ടിസ് നൽകുകയും ചെയ്‌തതോടെ എന്തു ചെയ്യുമെന്നറിയാതെ മരടിലെ ഫ്ലാറ്റിലെ താമസക്കാര്‍.
അഞ്ചു ദിവസത്തിനകം സാധനങ്ങള്‍ നീക്കി ഒഴിഞ്ഞുപോയില്ലെങ്കില്‍ വിചാരണ നേരിടേണ്ടിവരുമെന്നാണ് നഗരസഭ നൽകിയിരിക്കുന്ന നിര്‍ദേശം. നോട്ടീസ് നല്‍കാനെത്തിയ ഉദ്യോഗസ്ഥരെ ഗേറ്റിനുള്ളില്‍ കയറ്റാതെ ഉടമകള്‍ പ്രതിഷേധിച്ചെങ്കിലും അധികൃതര്‍ ഫ്ലാറ്റുകളുടെ മതിലുകളില്‍ നോട്ടിസ് പതിച്ചു.
ജെയ്ന്‍, ഹോളിഫെയ്ത്, ആൽഫ വെഞ്ചേഴ്സ് എന്നീ ഫ്ലാറ്റുകളുടെ മതിലുകളിലാണു നോട്ടിസ് പതിച്ചത്. ഗോൾഡൽ കായലോരം ഫ്ലാറ്റ് ഉടമകൾ നോട്ടിസ് കൈപ്പറ്റിയെന്ന് സഗരസഭാ സെക്രട്ടറി അറിയിച്ചു. 20നകം കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി 22നകം സുപ്രീംകോടതിയില്‍ ചീഫ് സെക്രട്ടറി ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഈ സാഹചര്യത്തില്‍ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നീക്കവും ഉടന്‍ ആരംഭിക്കും.
അഞ്ച് ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ നഗരസഭ കണക്കാക്കുന്ന ചെലവ് 30 കോടിയാണ്. ഫ്ലാറ്റുകൾ ഒറ്റയ്ക്കു പൊളിച്ചുമാറ്റാൻ സാമ്പത്തിക ശേഷിയില്ലെന്നാണു നഗരസഭയുടെ നിലപാട്. ടെൻഡർ വിളിച്ചാണു കരാർ നൽകേണ്ടത്. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കാന്‍ നഗരസഭ താല്‍പര്യപത്രം ക്ഷണിച്ചു കഴിഞ്ഞു.
ഇത്രയും വലിയ കോൺക്രീറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ വൻ സാങ്കേതിക സംവിധാനം വേണ്ടി വരും. മാലിന്യവും പരിസ്ഥിതി പ്രശ്‌നങ്ങളും എങ്ങനെ കൈകാര്യം ചെയ്യുമെന്ന പ്രശ്നവുമുണ്ട്. ചെന്നൈ ഐഐടിയിലെ വിദഗ്ധർ പരിസ്ഥിതി ആഘാത പഠനം നടത്തിയെങ്കിലും റിപ്പോർട്ട് നൽകിയിട്ടില്ല.
5 അപ്പാർട്മെന്റ് സമുച്ചയത്തിലെ 350 ഫ്ലാറ്റിൽ 1200 പേർ താമസിക്കുന്നുണ്ടെന്നാണു നഗരസഭയുടെ കണക്ക്. ഇവര്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അതേസമയം, മരടിലെ ഫ്‌ളാറ്റുടമകള്‍ നല്‍കിയ പുതിയ റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചേക്കില്ല.