മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ നഗരസഭ നടപടികൾ ആരംഭിച്ചു. ഫ്ലാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് നഗരസഭ പത്രങ്ങളിൽ പരസ്യം നൽകി. പതിനഞ്ചു നിലകൾ വീതമുള്ള നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ താത്പര്യമുള്ള ഏജൻസികൾ ഈ മാസം 16 നകം അപേക്ഷ സമർപ്പിക്കണം. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം.
ഇതിനായി വിദഗ്ധരുടെ പാനല്‍ തയാറാക്കും. ഫ്ലാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കും. വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭയുടെ പ്രത്യേക കൗണ്‍സിൽ യോഗം ആരംഭിച്ചു. ചെയർപേഴ്സണ്‍ ടി.എച്ച്. നദീറയുടെ അധ്യക്ഷതയിലാണ് യോഗം.
കെട്ടിടങ്ങൾ പൊളിച്ചുകളയുന്നതുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട നടപടികൾ, ഇതിനാവശ്യമായ സാങ്കേതിക, സാമ്പത്തിക കാര്യങ്ങൾ തുടങ്ങിയവ ചർച്ചചെയ്യും. പൊളിക്കാനാവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും സർക്കാർ ഉറപ്പുനൽകിയ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സഹകരണം സംബന്ധിച്ചും യോഗം ചർച്ചചെയ്തേക്കും.