ട്രെയിനില്‍ യാത്രക്കാരെ സ്വീകരിക്കുന്നതിന് ട്രെയിന്‍ ഹോസ്റ്റസുമാരെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വെ. അധികം വൈകാതെ തന്നെ ഇത് യാഥാര്‍ത്ഥ്യമാകും. റോസാപൂക്കള്‍ നല്‍കി സ്വീകരിച്ചില്ലെങ്കിലും നിങ്ങളെ സ്വാഗതം ചെയ്യുന്നതിന് സുന്ദരികളായ പെണ്‍കുട്ടികള്‍ ഇനി ട്രെയിനില്‍ ഉണ്ടായിരിക്കും.
ഡല്‍ഹി- ആഗ്ര സര്‍വ്വീസ് നടത്താന്‍ ഒരുങ്ങുന്ന അതിവേഗ ട്രെയിനായ ഗ്വാട്ടിമാന്‍ എക്‌സ്പ്രസിലാണ് ഈ സേവനങ്ങള്‍ ലഭിക്കുക. 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ ട്രെയിന്‍ അടുത്ത മാസമാണ് യാത്രയ്ക്കു സജ്ജമാകുന്നത്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അടുത്ത റെയില്‍വേ ബഡ്ജറ്റില്‍ ഇത്തരം പുതിയ സേവനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഓട്ടോമാറ്റിക് ഫയര്‍ അലേര്‍ട്ടും, ഹൈ പവര്‍ എമര്‍ജന്‍സി ബ്രേക്കും, പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റവുമെല്ലാം ഈ ട്രെയിനിനുണ്ട്. അതോടൊപ്പം ലൈവ് ടി വി സംവിധാനവും ഗ്വാട്ടിമാന്‍ എക്‌സ്പ്രസില്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളെല്ലാം ഗ്വാട്ടിമാന്‍ എക്‌സ്പ്രസിലും നല്‍കാനാണ് റെയില്‍വേ ഒരുങ്ങുന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. വിമാനത്തിലെ പോലെ കാറ്ററിങ് സംവിധാനവും അവ യാത്രക്കാര്‍ക്ക് അരികില്‍ എത്തുന്നതിന് ഹോസ്റ്റസുമാരെയും ഉള്‍പ്പെടുത്തുമെന്നും റയില്‍വെ അറിയിച്ചു.