'അവള്‍ മാസ്‌ക് ധരിക്കില്ല, എന്നെ അനുവദിക്കാറുമില്ല'; കേസായതോടെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ്

ചൊവ്വ, 20 ഏപ്രില്‍ 2021 (11:56 IST)
മാസ്‌ക് ധരിക്കാത്തതു ചോദ്യം ചെയ്ത പൊലീസിനോട് തര്‍ക്കിച്ച ദമ്പതികളുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കേസെടുത്തതിനു പിന്നാലെ എല്ലാ കുറ്റങ്ങളും ഭാര്യയുടേതാണെന്നാണ് യുവാവ് പറയുന്നത്. 
 
ഭാര്യ മാസ്‌ക് ധരിക്കാറില്ലെന്നും മാസ്‌ക് ധരിക്കാന്‍ തന്നെ അനുവദിക്കാറില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. 'അവള്‍ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ഞാന്‍ അവളോട് എപ്പോഴും പറയാറുണ്ട്. എന്നാല്‍, മാസ്‌ക് ധരിക്കാന്‍ അവള്‍ തയ്യാറല്ലായിരുന്നു. മാത്രമല്ല, മാസ്‌ക് ധരിക്കാന്‍ എന്നെ അനുവദിക്കുകയുമില്ല,' യുവാവ് പറഞ്ഞു. പങ്കജ് ദത്ത, അബ ഗുപ്ത എന്നീ ദമ്പതികളാണ് കഴിഞ്ഞ ദിവസം മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിനോട് തര്‍ക്കിച്ചത്. ഇതിന്റെ വീഡിയോ പൊലീസ് തന്നെയാണ് പുറത്തുവിട്ടത്. 
 
സെന്‍ട്രല്‍ ഡല്‍ഹിയിലെ ഒരു സ്വകാര്യ റോഡില്‍ വച്ച് ഞായറാഴ്ച വൈകിട്ട് 4.30 നാണ് പൊലീസ് ദമ്പതികളുടെ കാര്‍ തടഞ്ഞുനിര്‍ത്തിയത്. മാസ്‌ക് ധരിക്കാതെയാണ് ഇരുവരും കാറില്‍ യാത്ര ചെയ്തിരുന്നത്. ഇതേ കുറിച്ച് പൊലീസ് തിരക്കി. കോവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, യുവതി പൊലീസിനോട് തര്‍ക്കിച്ചു. 
 
വളരെ മോശം ഭാഷയിലാണ് യുവതി പൊലീസിനോട് സംസാരിച്ചത്. തന്റെ ഭര്‍ത്താവിനെ ഉമ്മ വയ്ക്കാനും മാസ്‌ക് ധരിക്കണോ എന്ന് യുവതി പൊലീസിനെ പരിഹസിച്ച് ചോദിച്ചിരുന്നു. ഇത് തങ്ങളുടെ റോഡ് ആണെന്നും പൊലീസ് എന്തു ചെയ്യുമെന്നും യുവതി ചോദിച്ചു. പൊലീസിനെ മോശം പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് പരിഹസിക്കുകയും ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍