ഡല്‍ഹിയില്‍ ഇത്തവണയും തൂക്കുസഭ തന്നെ, ബിജെപി ഭരിക്കുമോയെന്ന് കണ്ടറിയണം

ശനി, 17 ജനുവരി 2015 (10:11 IST)
ഡല്‍ഹി പിടിക്കാന്‍ അരയുംന്തലയും മുറുക്കി രണ്ടാം അങ്കത്തിനിറങ്ങിയ ബിജെപിക്കും മോഡിക്കും തിരിച്ചടി നല്‍കുന്ന അഭിപ്രായ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തു വന്നു, ഡല്‍ഹിയില്‍ കഴിഞ്ഞതവണത്തേപ്പോലെ തന്നെ വീണ്ടും തൂക്കുസഭയാ‍കും നിലവില്‍ വരികയെന്നും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും അഭിപ്രായ സര്‍വ്വേയുടെ ഫലം പറയുന്നു. എബിപി ചാനലിന്‌ വേണ്ടി എ സി നീല്‍സന്റേതാണ്‌ കണ്ടെത്തല്‍.
 
ബിജെപി 34 സീറ്റുകളും ആംആദ്‌മിപാര്‍ട്ടി (എഎപി) 28 സീറ്റും നേടുമെന്നും കോണ്‍ഗ്രസ്‌ ഏറ്റവും പിന്നിലാകുമെന്നുമാണ്‌ റിപ്പോര്‍ട്ട്‌. റിപ്പോര്‍ട്ട് പ്രകാരം സ്വതന്ത്രന്മാരായി മത്സരിക്കുന്നവര്‍ നിയമസഭ കാണുകയേയില്ല. 2013 ഡിസംബറിലെ കണക്കില്‍ നിന്നും ബിജെപിയ്‌ക്ക് രണ്ടു സീറ്റുകള്‍ മാത്രമായിരിക്കും കൂടുതല്‍ കിട്ടുക. ആപ്പിന്റെ പ്രകടനം പഴയപോലെ ഏശുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡിസംബറില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ ബിജെപിയ്‌ക്ക് 45-46 സീറ്റുകള്‍ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ജനുവരി ആദ്യമായതോടെ ആ സ്‌ഥിതിയില്‍ വ്യത്യാസം വന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
കെജ്രിവാളിനാണ്‌ മുഖ്യമന്ത്രിയാകാന്‍ സര്‍വേ സാധ്യത കുടുതല്‍ കല്‍പ്പിക്കുന്നത്‌. ഡല്‍ഹി മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ കെജ്രിവാളിന്‌ സാധ്യത 54 ശതമാനവും ബിജെപി നേതാവ്‌ ഹര്‍ഷ വര്‍ദ്ധന്‌ 29 ശതമാനവും കോണ്‍ഗ്രസ്‌ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിതിന്‌ അഞ്ചു ശതമാനവും ബിജെപി നേതാവ്‌ ജഗ്‌ദീഷ്‌ മുഖിക്ക്‌ മൂന്ന്‌ ശതമാനവുമാണ്‌ സാധ്യത കല്‍പ്പിക്കുന്നത്‌. അതേസമയം ബിജെപിയിലെത്തിയ കിരണ്‍ബേദിയുടെ സാധ്യത പഠന വിഷയമാക്കിയില്ല.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍