കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഏറെക്കാലത്തിനുശേഷം വര്‍ക്കിംഗ് കമ്മിറ്റിയംഗം എ.കെ ആന്റണി യോഗത്തില്‍ പങ്കെടുക്കും. മദ്യനയ വിവാദത്തെ തുടര്‍ന്നുണ്ടായ ഗ്രൂപ്പ് നീക്കങ്ങള്‍ക്കിടെയാണ് യോഗം. മദ്യനയത്തിലെ പോരോടെ ഏറെ അകന്ന സര്‍ക്കാരും പാര്‍ട്ടിയും. മുറിവുണങ്ങിയെന്ന് വരുത്തി തീര്‍ക്കാന്‍ വിയോജിച്ചുകൊണ്ട് സഹകരിക്കാനാണ് തീരുമാനം.
മദ്യനയ വിവാദങ്ങളെ തുടര്‍ന്നുളള ഗ്രൂപ്പ് നീക്കങ്ങള്‍ കെപിസിസി നേതൃയോഗത്തില്‍ ഉണ്ടാകാനിടയില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് യോഗത്തിന്റെ മുഖ്യ അജണ്ട. കേന്ദ്ര സര്‍ക്കാരിനെതിരായ സമരപരിപാടികളും യോഗത്തില്‍ ചര്‍ച്ചയാകും. സംഘടന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വ വിതരണവും യോഗ അജണ്ടയിലുണ്ട്.
സര്‍ക്കാര്‍ പാര്‍ട്ടി ഏകോപന സമിതിയോഗത്തില്‍ എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് വ്യക്തമാക്കിയതുപോലെ കെപിസിസി എക്‌സിക്യുട്ടീവിലും സര്‍ക്കാരിനാണ് പിന്തുണയെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം ഉണ്ടാകാനും സാധ്യതയുണ്ട്. ആന്റണിയുടെ സാന്നിധ്യത്തില്‍ വി എം സുധീരനെതിരെ എഐ ഗ്രൂപ്പുകള്‍ വലിയ നീക്കം നടത്തിയേക്കില്ല. ഏകോപന സമിതി ധാരണയിലെത്തിയ കാര്യമായതിനാല്‍ വീണ്ടുമൊരു ചര്‍ച്ചയ്ക്ക് അനുമതി കിട്ടാനിടയില്ലെങ്കിലും ഇരുകൂട്ടര്‍ക്കും പറയാനുള്ളത് പാര്‍ട്ടിയുടെ തന്നെ വിശാലവേദിയില്‍ പറഞ്ഞുതീര്‍ക്കാനുള്ള സാഹചര്യം കിട്ടിയേക്കും.