ബീഡി, സിഗരറ്റ് ഉള്‍പ്പടെ പുകയില ഉല്‍പന്ന പാക്കറ്റുകളിലെ മുന്നറിയിപ്പ് പരസ്യത്തിന്റെ വലുപ്പം 85 ശതമാനം വേണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പാര്‍ലമെന്റ് സമിതി. പരസ്യത്തിന്റെ വലുപ്പം 50 ശതമാനം മതിയെന്ന് പാര്‍ലമെന്റ് സമിതി വ്യക്തമാക്കി. പുകയില ഉത്പന്ന പാക്കറ്റുകളില്‍ 40 ശതമാനം വലുപ്പത്തിലാണ് മുന്നറിയിപ്പ് പരസ്യം നല്‍കുന്നത്.
സിഗരറ്റ് കമ്പനി മുതലാളിമാര്‍ ഉള്‍പ്പെട്ട സമിതി തീരുമാനം വാണിജ്യ താത്പര്യത്തോടെയാണെന്ന ആരോപണവും ശക്തമാണ്. ഏപ്രില്‍ ഒന്ന് മുതല്‍ മുന്നറിയിപ്പ് പരസ്യം 85 ശതമാനം വലുപ്പത്തില്‍ കൊടുക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഈ തീരുമാനത്തിന് എതിരെ രംഗത്തെത്തിയ ബിജെപി എംപിയും ബീഡി കമ്പനി ഉടമയുമായ ശ്യാം ചരണ്‍ ഗുപ്തയുടേതടക്കം കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ വിഷയം പഠിക്കാന്‍ പ്രത്യേക സമിതിയെ പാര്‍ലമെന്റ് നിയോഗിച്ചത്. പ്രമുഖ സിഗരറ്റ് കമ്പനി മുതലാളി കൂടിയായ ദിലീപ് ഗാന്ധി അടക്കം 16 അംഗ സംഘം നടത്തിയ പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
പാക്കറ്റുകളില്‍ മുന്നറിയിപ്പ് പരസ്യ വലുപ്പം വര്‍ധിപ്പിക്കുന്നത് ലക്ഷക്കണക്കിന് പുകയില കര്‍ഷകരെയും തൊഴിലാളികളേയും പ്രതികൂലമായി ബാധിക്കുമെന്നും പുകയില വ്യവസായം തകിടം മറിയുന്നതിന് ഇത് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബീഡി പാക്കുകളില്‍ ഒരു സൈഡില്‍ മാത്രം മുന്നറിയിപ്പ് മതിയെന്നും സിഗരറ്റ് പാക്കുകളില്‍ പരസ്യ വലുപ്പം 50 ശതമാനമാക്കിയാല്‍ മതിയെന്നും സമിതി ശുപാര്‍ശ ചെയതു.