കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരനെ ഒമ്പതു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. തമിഴ്‌നാട്ടിലെ വെല്ലൂരിലെ കുട്ട എന്ന കര്‍ഷകന്റെ മകനായ തമിഴരശന്‍ എന്ന ബാലനാണ് മരിച്ചത്. വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ച കുഴല്‍ക്കിണറില്‍ വീണാണ് കുട്ടി മരിച്ചത്.
കൃഷിയിടത്തില്‍ കളിക്കുന്നതിനിടെ കുഴല്‍ കിണറില്‍ വീണ തമിഴരശന്‍ 20 അടിയോളം താഴ്ചയില്‍ കുടുങ്ങിയ നിലയിലായിരുന്നു. കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ തെരച്ചിലില്‍ കുഴല്‍ക്കിണറില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുകയായിരുന്നു.
വൈകാതെ തന്നെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവര്‍ത്തര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഒമ്പതു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്ത കുട്ടിയെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. രണ്ടു മാസം മുന്‍പാണ് ഈ കുഴല്‍ക്കിണര്‍ ഇവിടെ കുഴിച്ചതെന്ന് പരിസരവാസികള്‍ പറഞ്ഞു. വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.