ജെയ്റ്റ്ലി രാഷ്‌ട്രീയക്കാര്‍ക്കും ജനങ്ങള്‍ക്കും മാതൃകയാണ്: അമിത് ഷാ
ചൊവ്വ, 22 ഡിസംബര്‍ 2015 (08:54 IST)
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി (ഡിഡിസിഎ) ബന്ധപ്പെട്ട് ആരോപണവിധേയനായ അരുണ്‍ ജെയ്റ്റ്ലിക്ക് പിന്തുണയുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ ജെയ്റ്റ്‌ലി തെറ്റൊന്നും ചെയ്തിട്ടില്ല. പാര്‍ട്ടി അദ്ദേഹത്തിന് മുഴുവന്‍ പിന്തുണയും നല്‍കും. ആം ആദ്മി പാര്‍ട്ടി ജെയ്റ്റ്‌ലിയെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാര്‍ക്ക് മാതൃകയായ ജെയ്‌റ്റ്‌ലിക്കൊപ്പം പാര്‍ട്ടിയും ജനങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ പ്രതിഛായ തകര്‍ക്കാനുള്ള ആം ആദ്മിയുടെ ഗൂഢാലോചന അനുവദിക്കില്ല. ഈ കാര്യത്തില്‍ ആം ആദ്മിക്ക് തെറ്റു പറ്റി. അദ്ദേഹത്തിനെതിരെയുള്ള ആക്രമണം ഭാവിയില്‍ ആം ആദ്മിക്ക് ദോഷം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വിവാദം പാര്‍ലമെന്റിനേയും ഇളക്കിമറിക്കുന്നതിനിടെയാണ് പാര്‍ട്ടി അധ്യക്ഷന്‍ ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി വാര്‍ത്താക്കുറുപ്പിറക്കിയത്.
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനെതിരെ ജയ്റ്റ്ലി തിങ്കളാഴ്ച മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. അരവിന്ദ് കേജ്‌രിവാൾ, അശുതോഷ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്പേയ് എന്നിവർക്കെതിരെയാണ് കേസ്. 10 കോടി രൂപയാണ് നഷ്‌ടപരിഹാരമായി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഡൽഹി ഹൈകോടതിയിലാണ് കേസ് ഫയൽ ചെയ്തത്. രണ്ടു കോടതികളിലായി സിവിൽ, ക്രിമിനൽ വകുപ്പുകളിലാണ് കേസ് നൽകിയിരിക്കുന്നത്.