ഡിഡിസിഎ; ആം ആദ്മി സര്‍ക്കാരും കേന്ദ്രവും വീണ്ടും നേര്‍ക്കുനേര്‍, അന്വേഷണ കമ്മീഷനെ റദ്ദാക്കി

Webdunia
വെള്ളി, 8 ജനുവരി 2016 (15:04 IST)
കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ഉള്‍പ്പെട്ട ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയെകുറിച്ച് അന്വേഷിക്കാൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ കമ്മീഷനെ കേന്ദ്രസർക്കാർ റദ്ദാക്കി.

കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി ഉള്‍പ്പെട്ട കേസ് അനേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കമ്മറ്റിയെ നിയമിച്ചത് നിയമപരവും ഭരണഘടനാപരവുമായി നിലനില്‍ക്കില്ലെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് വ്യക്തമാക്കി. ഇത് അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ അറിയിപ്പ് പുറത്തിറക്കി.

നിയമനം റദ്ദാക്കി കൊണ്ടുള്ള കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ലഫ് ഗവർണറുടെ ഓഫീസ് കൈമാറി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് മാത്രമെ അന്വേഷണ കമീഷനെ നിയമിക്കാൻ അധികാരമുള്ളൂ. പ്രത്യേക പദവിയുള്ള സംസ്ഥാനമായതിനാൽ ഡൽഹി സർക്കാരിന്‍റെ തീരുമാനം നിലനിൽക്കില്ലെന്നും കത്തിൽ വിശദീകരിക്കുന്നു. ക്രിക്കറ്റ് അസോസിയേഷന്‍റെ കാര്യങ്ങളിൽ ഇടപെടാൻ ഡൽഹി സർക്കാരിന് അവകാശമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.