സ്‌ത്രീകളെ വേട്ടയാടി കോടികള്‍ സ്വന്തമാക്കും, നീക്കങ്ങള്‍ നിയന്ത്രിക്കുന്നത് ഉസ്‌മാന്‍; പിന്നില്‍ പെണ്‍കുട്ടികള്‍ - ഡി കമ്പനിയുടെ മറ്റൊരു ടീമിനെ തിരിച്ചറിഞ്ഞ പൊലീസ് ഞെട്ടലില്‍
വെള്ളി, 8 ഡിസംബര്‍ 2017 (16:58 IST)
മുംബൈയ് സ്‌ഫോടനക്കേസിനെ പ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹീമിന്റെ ‘ഡി കമ്പനി’യുടെ കീഴില്‍ വനിതാ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം. ദാവൂദിന്റെ സംഘത്തിലുള്ളവരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
വന്‍കിട ബിസിനസ് ഇടപാടുകള്‍ നടത്തുന്ന സ്‌ത്രീകളില്‍ നിന്നും തട്ടിപ്പ് നടത്തുന്നതിനാണ് വനിതാ വിഭാഗത്തെ ദാവൂദ് ഉപയോഗിക്കുന്നത്. പണവും വിലപിടിപ്പുള്ള വസ്‌തുക്കളുമാണ് ഇവരില്‍ നിന്നും സംഘം പിടിച്ചെടുക്കുന്നത്. നടത്താന്‍ പോകുന്ന ഓപ്പറേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ ദാവൂദ് അറിയുന്നുണ്ടെന്നും പൊലീസ് പറയുന്നു.
ഓപ്പറേഷനായി പദ്ധതിയും തിയ്യതിയും നിശ്ചയിക്കുമ്പോള്‍ തന്നെ വിവരം ദാവൂദ് അറിയും. ദാവൂദിന്റെ കൂട്ടാളിയായ ഛോട്ടാ ഷക്കിലിന്റെ അനുയായി ഉസ്‌മാനാണ് ഇവരെ നിയന്ത്രിക്കുന്നത്. ഉസ്‌മാന്‍ മുഖേനെയാണ് പാകിസ്ഥാനില്‍ താമസിക്കുന്ന ദാവൂദ് വിവരങ്ങള്‍ അറിയുന്നത്. ചെറുപ്പക്കാരായ പെണ്‍കുട്ടികളെയാണ് ഓപ്പറേഷനായി ഉപയോഗിക്കുന്നത്.
വര്‍ഷങ്ങളായി ദാവൂദിന്റെയും കൂട്ടാളികളുടെയും ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് ചോര്‍ത്തുന്നുണ്ട്. അതില്‍ നിന്നാണ് വനിതാ സംഘം പ്രവര്‍ത്തിക്കുന്നതായി മനസിലായത്. സ്‌ത്രീകളെയും കുടുംബത്തെയും ഇടപാടുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന അധോലോക സംഘങ്ങള്‍ ഇങ്ങനെയൊരു നീക്കം നടത്തുന്ന കാര്യം തിരിച്ചറിഞ്ഞത് ഞെട്ടലോടെയാണെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ജെപി ജെയ്ൻ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.