ദാവൂദ് പാകിസ്ഥാനില്‍ തന്നെയുണ്ട്, ഇന്നലെ പറഞ്ഞത് കേന്ദ്രം ഇന്ന് വിഴുങ്ങി

Webdunia
ബുധന്‍, 6 മെയ് 2015 (13:32 IST)
അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം എവിടെയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് അറിവില്ലെന്ന് ഇന്നലെ പറഞ്ഞ ആഭ്യന്തര മന്ത്രാലയം ഇന്നത് തിരുത്തിപ്പറഞ്ഞു. ദാവൂദ് പാകിസ്ഥാനിലുണ്ടെന്നാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നത്.  കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവാണ് ഇന്ന് മാധ്യമപ്രവര്‍ത്തകരോട് ദാവൂദ് പാകിസ്ഥാനില്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയത്.  

ദാവൂദ് പാകിസ്താനിലുണ്ടെന്ന് ഇന്ത്യക്ക് നന്നായറിയാം. എന്നാല്‍ പാക് ഭരണകൂടം ഇപ്പോഴുമത് നിഷേധിക്കുകയാണ്. അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ദാവൂദിനെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും റിജിജു പറഞ്ഞു. ഇന്നലെ പാര്‍ലമെന്റില്‍ ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരി പറഞ്ഞത് ദാവൂദ് എവിടെയാണെന്ന് അറിയില്ല എന്നാണ്. ബിജെപി എം പി നിത്യാനന്ദ റായിയുടെ ചോദ്യത്തിന് മറുപടി ആയാണ് ചൗധരി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ റിജിജു വ്യക്തമായ മറുപടി പറഞ്ഞില്ല.

1993-ലെ മുംബൈ സ്‌ഫോടനക്കേസ് ഉള്‍പ്പടെ വിവിധ കേസുകളില്‍ ഇന്ത്യ തേടുന്ന പ്രതിയാണ് ദാവൂദ്. അല്‍ ഖ്വെയ്ദയുമായി ഇയാള്‍ ബന്ധം പുലര്‍ത്തുന്നതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ദാവൂദിനെ അമേരിക്ക അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.