എടിഎമ്മുകൾ സജ്ജമാക്കാൻ കർമസേന രൂപീകരിക്കും, പ്രത്യേക ക്യൂ ഉണ്ടായിരിക്കും: പ്രധാനമന്ത്രി

തിങ്കള്‍, 14 നവം‌ബര്‍ 2016 (10:15 IST)
500ന്റേയും 1000ത്തിന്റേയും നോട്ടുകൾ പിൻവലിച്ചതിന്റെ ദുരിതം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രതിസന്ധികൾ കുറയ്ക്കാൻ തയ്യാറായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില പ്രത്യേക സാമ്പത്തിക ഇടപാടുകൾക്ക് അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകൾ ഉപയോഗിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഇടപാടുകള്‍ക്ക് അനുവദിച്ച സമയപരിധി നവംബർ 14 മുതൽ 24 വരെ നീട്ടാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഉന്നതല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 
ഞായറാഴ്ച രാത്രിയോടെ ആരംഭിച്ച യോഗം, ഇന്നു പുലർച്ചെ വരെ നീണ്ടു. കറൻസി നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് ജനങ്ങള്‍ക്ക് വലിയതോതിൽ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലായിരുന്നു ഉന്നതതല യോഗം. പുതിയ 500, 2000 രൂപാ നോട്ടുകൾ എടിഎമ്മുകളിൽ നിറയ്ക്കുന്നതിന് പ്രത്യേക കർമ സേന രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പഴയ നോട്ടുകൾ മാറ്റിവാങ്ങുന്നതിന്, പണം എടുക്കാൻ വരുന്നവർക്ക്, മുതിർന്ന പൗരന്മാർക്കും ശാരീരിക വൈകല്യം ഉള്ളവർ എന്നിങ്ങനെ ബാങ്കുകളിലും എ ടി എമ്മുകളിലും പ്രത്യേക ക്യൂ ഏർപ്പെടുത്തും.
 
അതേസമയം, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് പുതിയ ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നു. ഒരു ദിവസം എ ടി എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 2000ല്‍നിന്ന് 2500 രൂപയായി വര്‍ധിപ്പിച്ചു. അതോടൊപ്പം ഒരാഴ്ച ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 20,000ല്‍നിന്ന് 24,000 രൂപയായും അസാധു നോട്ടുകൾ മാറ്റുന്നതിനുള്ള പരിധി 4000രൂപയില്‍ നിന്നും 4500 രൂപയായും വര്‍ധിപ്പിച്ചു.
 
പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുൺ ജയ്റ്റ്‍ലി, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു, ഊർജവകുപ്പു മന്ത്രി പിയൂഷ് ഗോയൽ, സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു. 

വെബ്ദുനിയ വായിക്കുക