ഉസ്താദ് എന്ന മോഹന്‍ലാല്‍ സിനിമ ഓര്‍ക്കുന്നില്ലേ? നഗരത്തില്‍ ഉസ്താദ് എന്ന അധോലോകനായകനും നാട്ടിലെ മാന്യനായ പണക്കാരന്‍ പരമേശ്വരനുമായി ലാല്‍ അഭിനയിച്ച ചിത്രം. ആ സിനിമയെപ്പോലും വെല്ലുന്ന കേസ് ഈയിടെ ഗുജറാത്ത് പൊലീസിന് മുന്നിലെത്തി. അമ്മദാബാദിലും പരിസരപ്രദേശങ്ങളിലും മോഷണം നടത്തിയിരുന്ന ജഗന്‍ എന്നയാളെ കുറിച്ചുളള വിവരം ഗുജറാത്ത് പോലീസ് തമിഴ്‌നാട് ക്രൈം ബ്രാഞ്ചിന് കൈമാറി. എന്നാല്‍ ഈയാളെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഞെട്ടി. ഗുജറാത്തിലെ കള്ളന്‍ തമിഴ്നാട്ടിലെ ഒരു ചെറിയ കോടിപതിയാണ്.
മോഷണസംഘത്തില്‍പെട്ട ഒരാളെ ചോദ്യം ചെയ്‌തപ്പോഴാണ് ട്രിച്ചി സ്വദേശി ജഗന്‍ എന്ന സംഘത്തലവന്റെ പേര് വ്യക്‌തമായത്. ഇയാള്‍ കളളനാണെന്ന് നാട്ടില്‍ ഒരാള്‍ക്കുപോലും അറിയില്ല. കോടികള്‍ വിലമതിക്കുന്ന വീട്ടില്‍ താമസിക്കുന്ന ഇയാളുടെ മക്കള്‍ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലാണ് പഠിക്കുന്നത്. ട്രിച്ചിയില്‍ പലയിടത്തും ഇയാള്‍ക്ക് മറ്റു സ്വത്തുക്കളുമുണ്ട്. അതേസമയം തമിഴ്‌നാട്ടില്‍ ഒരു കേസില്‍ പോലും ജഗന്‍ പ്രതിയല്ല!
ആഡംബര കാറുകളില്‍ നിന്ന് വിലപിടിപ്പുളള വസ്‌തുക്കള്‍ തട്ടിയെടുക്കുകയാണ് ജഗന്റെ സംഘത്തിന്റെ രീതി. ഇതിനായി 10 രൂപ നോട്ടുകള്‍ ഡ്രൈവറുടെ ശ്രദ്ധയില്‍ പെടും വിധം വിതറും. അടുത്തിടെ, 80 ലക്ഷം രൂപ ഒരു കാറില്‍ നിന്ന് സംഘം തട്ടിയെടുത്തിരുന്നു. കാറിനു മുന്‍പില്‍ 10 രൂപ നോട്ടുകള്‍ വിതറിയ ഒരു സംഘാംഗം അത് കാറില്‍ നിന്ന് വീണതാണോ എന്ന് വിളിച്ചു ചോദിച്ചു. അത് തന്റേതാണെന്ന് തെറ്റിദ്ധരിച്ച കാറുടമ കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും സംഘം 80 ലക്ഷം രുപയടങ്ങുന്ന ബാഗ് തട്ടിയെടുത്തിരുന്നു. അഹമ്മദാബാദ്. സൂററ്റ്, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.