സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. പ്ളീനത്തില്‍ അവതരിപ്പിക്കേണ്ട കരട് രേഖയെക്കുറിച്ച് നടന്ന ചര്‍ച്ചക്ക് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി മറുപടി പറയും. രേഖയില്‍ ഭേദഗതി വേണമെന്നു കേന്ദ്രക്കമ്മിറ്റിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം പിബിയിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
സിപിഎം കൊല്‍ക്കത്ത പ്ളീനം ഡിസംബര്‍ 27 മുതല്‍ 31 വരെ നടക്കുമെന്ന് സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനുള്ള ചർച്ചകള്‍ ഉണ്ടാകും. പാര്‍ട്ടി നയം ജനങ്ങളിലെത്തിക്കാനുള്ള സംഘടനാ സംവിധാനമുണ്ടാകുമെന്നും പ്ളീനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് അദ്ദേഹം ഞായറാഴ്‌ച പറഞ്ഞു.
ഇപ്പോൾ പാർട്ടി സ്വീകരിച്ചിരിക്കുന്ന നിലപാടുകൾ നൂറു ശതമാനം ശരിയാണെന്ന് ബോദ്ധ്യമുണ്ട്. അവ കൂടുതൽ മികച്ച രീതിയിൽ നടപ്പിൽ വരുത്തുകയാവും ഇനി പാർട്ടി ചെയ്യുക. പ്ളീനത്തിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ടിന് കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യമെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും രഹസ്യ ധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ സുരക്ഷിതത്വം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുകയാണ്. നൂറുകണക്കിന് ഇടതു പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സാഹചര്യമാണ് ബംഗാളിലെന്നും സിപിഎം ജനറൽ സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞു.