സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസിന് പൊലീസ് ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റു. തൃണമൂൽ സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സിപിഎമ്മിന്റെ കർഷക സംഘടനയായ കൃഷിസഭ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഭവം.
സിപിഎമ്മിന്റെ മാര്‍ച്ച് പൊലീസ് നിയമസഭയ്ക്കു മുന്നിൽ ബാരിക്കേട് ഉയര്‍ത്തി തടഞ്ഞു. എന്നാല്‍ ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി.
പൊലീസ് പ്രവർത്തകർ പൊലീസിനെ കല്ലും വടിയുംകൊണ്ട് നേരിട്ടു. ഇതിനിടെയാണ് മാർച്ചിന്റെ മുൻനിരയിലുണ്ടായിരുന്ന ബിമൻ ബോസിന് പരിക്കേൽക്കുന്നത്. ബോസിന്റെ തലയ്ക്കാണ് ലാത്തിയടിയേറ്റത്. തലപൊട്ടി ചോരവാർന്ന അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.